കേരളത്തില്‍ പ്രകൃതി വാതകം ഉപയോഗപ്പെടുത്തുന്നതിന്റെ അനന്തസാദ്ധ്യതകളെക്കുറിച്ചുള്ള ചര്‍ച്ചകളാല്‍ മുഖരിതമാണ് മിക്ക മലയാള മാധ്യമങ്ങളും. കൊച്ചിയിലെ ദ്രവീകൃത പ്രകൃതി വാതക ടെര്‍മിനല്‍ നിര്‍മ്മാണവുമായി ബന്ധപ്പെട്ട പബ്ളിക് റിലേഷന്‍സ് എക്സര്‍സൈസിന്റെ ഭാഗമായി രൂപപ്പെടുന്ന വാര്‍ത്തകളാണ് ഇവയിലേറെയും. കൊച്ചിയിലെ വ്യവസായ മേഖലയ്ക്ക് കുറഞ്ഞ ചെലവില്‍ ഇന്ധനം, വീട്ടാവശ്യത്തിന് പൈപ്പ് വഴി പ്രകൃതി വാതകം, വാഹനങ്ങള്‍ക്ക് ഇന്ധനമായി പ്രകൃതിവാതകം, കൊച്ചിയില്‍ പെട്രോനെറ്റ് എല്‍.എന്‍ .ജി. സ്ഥാപിക്കുന്ന 1000 മെഗാവാട്ടിന്റെ വൈദ്യുതി നിലയം, കായംകുളം നിലയത്തിന്റെ രണ്ടാംഘട്ട വികസനമായി 1950 മെഗാവാട്ട് കൂടി, ബ്രഹ്മപുരത്ത് കെഎസ്ഇബിയുടെ 1000 മെഗാവാട്ട് വാതക അധിഷ്ഠിത വൈദ്യുത നിലയത്തിനുള്ള സാധ്യതാപഠനം, റീഗ്യാസിഫിക്കേഷന്‍ ഘട്ടത്തില്‍ വന്‍തോതില്‍ ലഭ്യമാകുന്ന ജലം കൂടി ഉപയോഗപ്പെടുത്തുന്ന സിലിക്കവേഫര്‍ നിര്‍മ്മാണം, കൊച്ചിയില്‍ നിന്നും കായംകുളം-മംഗലാപുരം-ബാംഗ്ളൂര്‍ എന്നിവിടങ്ങളിലേക്കുള്ള പൈപ്പ്ലൈന്‍ നിര്‍മ്മാണം തുടങ്ങി ഒട്ടനവധി പദ്ധതികളാണ് ചര്‍ച്ചചെയ്യപ്പെടുന്നത്. ഇവയൊക്കെ 2012 മുതല്‍ നിലവില്‍ വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
എന്നാല്‍ ഈ ചര്‍ച്ചകളില്‍ പെട്രോനെറ്റ് എല്‍.എന്‍ .ജി. അധികൃതര്‍ ഒരിക്കലും വ്യക്തമാക്കാന്‍ താല്പര്യപ്പെടാത്ത ഒന്നാണ് വാതകത്തിന്റെ വില. വില സംബന്ധിച്ച എല്ലാ ചര്‍ച്ചകളും പരമാവധി ഒഴിവാക്കാനാണ് അവര്‍ താല്പര്യപ്പെടുന്നത്. പെട്രോനെറ്റ് അധികൃതര്‍ വില പരമരഹസ്യമായി സൂക്ഷിക്കുമ്പോഴും അവരുടെ അഭ്യുദയകാംക്ഷികള്‍ അഭ്യൂഹങ്ങള്‍ പരത്തുന്നതില്‍ വ്യാപൃതരാണ്. യൂണിറ്റിന് ഏകദേശം 5 ഡോളര്‍ നിരക്കില്‍ പ്രകൃതിവാതകം ലഭ്യമാകുമെന്ന നിലക്കാണ് പ്രചരണം നടക്കുന്നത്. ഈ നിരക്കില്‍ വൈദ്യുതി ഉല്‍പാദനച്ചിലവ് ഏകദേശം 2 മുതല്‍ 3 രൂപ വരെ വരും.
റിലയന്‍സ്, കൃഷ്ണ-ഗോദാവരി തടത്തില്‍ ഉല്പാദിപ്പിക്കുന്ന പ്രകൃതി വാതകത്തിന് മുംബൈ ഹൈക്കോടതി നിശ്ചയിച്ചിരിക്കുന്ന നിരക്ക് 2.34 ഡോളറാണ്. ഇത് അനില്‍ അംബാനിക്ക് വാതം നല്‍കുമ്പോള്‍ ബാധകമാകുന്ന നിരക്ക്. ഇന്ത്യഗവണ്‍മെന്റ് ഇതേ വാതകത്തിന് നിശ്ചയിച്ച നിരക്ക് 4 ഡോളറിലധികമാണ്. ഈ വിലകള്‍ക്ക് ക്രൂഡ് ഓയില്‍ വിലയുമായി ബന്ധമൊന്നുമില്ല എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട വസ്തുത.
എന്നാല്‍ പെട്രോനൈറ്റ് എല്‍.എന്‍ .ജി ഓസ്ട്രേലിയയിലെ ഗോര്‍ഗോണില്‍ നിന്നും ലഭ്യമാക്കുന്ന പ്രകൃതിവാതകത്തിന്റെ വില ക്രൂഡ് ഓയില്‍ വിലയുമായി ബന്ധപ്പെടുത്തിയിരിക്കുന്നു എന്നാണ് മനസ്സിലാക്കുന്നത്. ഇപ്പോഴത്തെ വിലനിലവാരത്തില്‍ പരിശോധിക്കുമ്പോള്‍ ഈ സ്രോതസ്സില്‍ നിന്നും ലഭിക്കുന്ന വാതകത്തിന് ഏകദേശം 14 ഡോളര്‍ യൂണിറ്റിന് നല്‍കേണ്ടി വരുമെന്നാണ് സൂചനകള്‍. സ്വാഭാവികമായി വൈദ്യുതി ഉല്പാദനച്ചിലവ് യൂണിറ്റിന് 6 രൂപയിലധികമായി ഉയരും. ക്രൂഡ് ഓയില്‍ വിലയിലെ ഏറ്റിറക്കങ്ങള്‍ക്കനുസരിച്ച് ഇത് മാറുകയും ചെയ്യും.
പതിയിരിക്കുന്ന അപകടം പരമാവധി ഒഴിവാക്കാന്‍ കേരളം ഇതിനകം തന്നെ നടപടികള്‍ സ്വീകരിച്ചതായാണ് കാണുന്നത്. കേരളത്തിന്റെ ആവശ്യമനുസരിച്ച് കേന്ദ്രവൈദ്യുത മന്ത്രാലയം വില ക്രമീകരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. പൂള്‍ഡ് കോസ്റില്‍ വാതകം കേരളത്തിന് ലഭ്യമാക്കുക, ക്രൂഡ് ഓയില്‍ വില ക്രമാതീതമായി ഉയര്‍ന്നാല്‍ കേന്ദ്രമന്ത്രാലയം ഇടപെട്ട് വാതകവില കുറയ്ക്കാനാവശ്യമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുക തുടങ്ങിയവയാണ് നിര്‍ദ്ദേശിക്കപ്പെട്ടു കാണുന്ന നടപടികള്‍. തീര്‍ച്ചയായും ഈ നടപടികള്‍ വൈദ്യുത ഉല്പാദനച്ചിലവില്‍ കുറവ് വരുത്തും. എത്രത്തോളം എന്നത് കൂടുതല്‍ വിശദാംശങ്ങള്‍ പെട്രോനെറ്റ് ലഭ്യമാക്കുന്ന മുറയ്ക്കേ വ്യക്തമാകൂ.
ഇത് ഇറക്കുമതി ചെയ്യുന്ന വാതകവുമായി ബന്ധപ്പെട്ട വിഷയങ്ങളാണ്. കൂടുതല്‍ പ്രാധാന്യമര്‍ഹിക്കുന്ന വിഷയം ഇന്ത്യയില്‍ പൊതു സ്വകാര്യ ഉടമസ്ഥതയില്‍ ഉല്പാദിപ്പിക്കപ്പെടുന്ന പ്രകൃതി വാതകം ന്യായമായ നിരക്കില്‍ കേരളമടക്കമുള്ള സംസ്ഥാനങ്ങള്‍ക്ക് ലഭിക്കുമോ എന്നതാണ്. കൊച്ചിയില്‍ നിന്നുമുള്ള നിര്‍ദ്ദിഷ്ട വാതകപൈപ്പ്ലൈനുകള്‍ ദേശീയ വാതക ഗ്രിഡുമായി ബന്ധിക്കപ്പെടുന്നതിനാല്‍ ഇതിന് സാങ്കേതിക തടസ്സങ്ങള്‍ ഒന്നുമില്ല. ആവശ്യമായത് പ്രകൃതി വിഭവങ്ങള്‍ രാജ്യത്തിനാകെ ഗുണകരമായ നിലയില്‍ വിതരണം ചെയ്യാനുള്ള രാഷ്ട്രീയ ഇച്ഛാശക്തിയാണ്.



Twitter
Digg
Del.icio.us
Slashdot
Furl
Yahoo
Technorati
Newsvine
Googlize this
Blinklist
Facebook
Wikio













