വൈദ്യുതിക്ക് ഏര്‍പ്പെടുത്തിയിരുന്ന സര്‍ചാര്‍ജ് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഇതിനായി വൈദ്യുതി റഗുലേറ്ററി കമ്മീഷനോട് ശുപാര്‍ശചെയ്യുമെന്ന് വൈദ്യുതി മന്ത്രി എ.കെ. ബാലന്‍ നിയമസഭയെ അറിയിച്ചു. മാര്‍ച്ച് ഒന്നു മുതല്‍ സര്‍ചാര്‍ജ് പിന്‍വലിക്കാനായിരിക്കും ശുപാര്‍ശ ചെയ്യുക. ചട്ടം 300 പ്രകാരം നിയമസഭയില്‍ നടത്തിയ പ്രത്യേക പ്രസ്താവനയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
മഴ കുറഞ്ഞതോടെ സംസ്ഥാനത്ത് രൂക്ഷമായ വൈദ്യുക്ഷാമം നേരിടാന്‍ താപവൈദ്യുതി കൂടുതലായി ഉപയോഗിച്ചതാണ് സര്‍ചാര്‍ജിന് ഇടയാക്കിയത്. നാഫ്തയടക്കമുള്ള ഇന്ധനങ്ങളുടെ വിലയിലുണ്ടായ കുറവ് പരിഗണിച്ചാണ് തെര്‍മല്‍ സര്‍ചാര്‍ജ് പിന്‍വലിക്കുന്നത്. ഇതു വഴി ദിവസം ഒരു കോടി രൂപയുടെ നഷ്ടം വൈദ്യുതിബോര്‍ഡിനുണ്ടാകും.
വൈദ്യുതി ഉപയോഗം പരമാവധി കുറച്ച് വൈദ്യുതിബോര്‍ഡിനെ കടുത്ത സാമ്പത്തികബാധ്യതയില്‍പ്പെടാതെ സംരക്ഷിക്കണമെന്ന് മന്ത്രി അഭ്യര്‍ഥിച്ചു. മഴക്കുറവും കേന്ദ്ര പൂളില്‍നിന്നുള്ള വിഹിതം 40 ശതമാനത്തോളം വെട്ടിക്കുറച്ചതും കടുത്ത വൈദ്യുതിക്ഷാമമാണ് ഉണ്ടാക്കിയത്. ഇന്ധനവില വന്‍തോതില്‍ ഉയരുക കൂടി ചെയ്തതോടെ താപനിലയങ്ങളില്‍നിന്നുള്ള വൈദ്യുതിക്ക് യൂണിറ്റിന് 13 രൂപയോളം വിലവരികയും ബോര്‍ഡ് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാവുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് റെഗുലേറ്ററി കമീഷന്‍ വൈദ്യുതിനിയന്ത്രണവും സര്‍ചാര്‍ജും ഏര്‍പ്പെടുത്തിയത്. പ്രതിമാസം 80 യൂണിറ്റുവരെ ഉപയോഗിക്കുന്ന ഗാര്‍ഹിക ഉപയോക്താക്കളെ ഒഴിവാക്കിയിരുന്നു.
ക്രൂഡ് ഓയില്‍ വിലയിടിവ് വൈദ്യുതിമേഖലയ്ക്ക് ആശ്വാസമായി. താപവൈദ്യുതിക്ക് യൂണിറ്റിന് 13 രൂപയോളം വന്ന വില ഇപ്പോള്‍ അഞ്ചുരൂപയായി. ശരാശരി വില 10 രൂപയായിരുന്നത് ഇപ്പോള്‍ ഏഴു രൂപയായും കുറഞ്ഞു. വൈദ്യുതിബോര്‍ഡ് ഈ വര്‍ഷം 2500 കോടിയോളം രൂപ അധിക സാമ്പത്തികബാധ്യത പ്രതീക്ഷിച്ചിരുന്നത് 1000 കോടിയായി കുറയും.
വൈദ്യുതി ഉപയോഗം ഇപ്പോള്‍ ദിവസം 47.5 ദശലക്ഷം യൂണിറ്റാണ്. ഈ മാസം തുടക്കത്തില്‍ ഇത് 41 ദശലക്ഷം യൂണിറ്റായിരുന്നു. സംഭരണികളില്‍ വെള്ളത്തിന്റെ നിലവച്ച് ഒരു ദിവസം 16 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് ഉല്‍പ്പാദിപ്പിക്കുന്നത്. കേന്ദ്രനിലയങ്ങളില്‍നിന്ന് 20 ദശലക്ഷം യൂണിറ്റും പ്രതീക്ഷിക്കുന്നു. പ്രതിദിനം 12 ദശലക്ഷം യൂണിറ്റ് താപനിലയങ്ങളില്‍നിന്നും പുറത്തുനിന്നും വാങ്ങുകയാണെന്ന് മന്ത്രി പറഞ്ഞു.



Twitter
Digg
Del.icio.us
Slashdot
Furl
Yahoo
Technorati
Newsvine
Googlize this
Blinklist
Facebook
Wikio













