KSEBOA - KSEB Officers' Association

Wednesday
Sep 20th
Text size
  • Increase font size
  • Default font size
  • Decrease font size
Home വാര്‍ത്തകള്‍ റഗുലേറ്ററി കമ്മീഷന്‍ ഇതെന്തു ഭാവിച്ചാണ്?

റഗുലേറ്ററി കമ്മീഷന്‍ ഇതെന്തു ഭാവിച്ചാണ്?

PDF
Hits smaller text tool iconmedium text tool iconlarger text tool icon

KSERCകേരളത്തിന്റെ വൈദ്യുതി ആവശ്യകത അനുദിനം വര്‍ദ്ധിക്കുകയാണ്. അതനുസരിച്ചുള്ള വൈദ്യുതി പദ്ധതികളൊന്നും കേരളത്തില്‍ ഉണ്ടാകുന്നുമില്ല. ഇത് കേരളത്തെ ഗുരുതരമായ പ്രതിസന്ധിയിലേക്കാണ് തള്ളിവിടുന്നത്. അഭ്യന്തര വൈദ്യുതി ഉല്‍പാദനം വര്‍ദ്ധിപ്പിച്ചുകൊണ്ടല്ലാതെ കേരളത്തിന് ഇനി ഒരു ചുവടുപോലും മുന്നോട്ടു പോകാനാകില്ല. അതിനാവശ്യമായ വൈദ്യുതി പദ്ധതികള്‍ക്ക് രൂപം നല്‍കുകയും സമയബന്ധിതമായി പ്രവര്‍ത്തനം പൂര്‍ത്തീകരിക്കുകയും ചെയ്യേണ്ടതുണ്ട്. അതിരപ്പിള്ളി ജലവൈദ്യുതി പദ്ധതിയും ചീമേനി കല്‍ക്കരി നിലയവുമൊക്കെ ഏറെ പ്രസക്തമാകുന്നത് ഈ സാഹചര്യത്തിലാണ്. എന്നാല്‍ പലവിധകാരണങ്ങളാല്‍ ഈ പദ്ധതികളൊന്നും നിര്‍മ്മാണത്തിലേക്ക് നീങ്ങിയിട്ടില്ല.
ശാശ്വത പരിഹാരമാകുന്നില്ലെങ്കിലും നമുക്കു മുന്നിലുള്ള മറ്റൊരു മാര്‍ഗ്ഗം കേരളത്തിന് പുറത്തുനിന്നും വൈദ്യുതി വാങ്ങിക്കൊണ്ടുവരുക എന്നതാണ്. ഇങ്ങിനെ വൈദ്യുതി വാങ്ങുന്നതിന് ഹ്രസ്വകാല, മദ്ധ്യകാല, ദീര്‍ഘകാല സാദ്ധ്യതകളുണ്ട്. ഈ സാധ്യതകളെല്ലാം നാം ഉപയോഗിക്കേണ്ടതുണ്ട്.


2011ല്‍ അന്നത്തെ ഇടതുപക്ഷ സര്‍ക്കാര്‍ 500 മെഗാവാട്ട് വൈദ്യുതി വാങ്ങുന്നതിന് ഒരു ടെണ്ടര്‍ വിളിക്കുകയും അതനുസരിച്ച് മദ്ധ്യകാല ഓപ്പണ്‍ ആക്സസിന് ശ്രമിക്കുകയും ചെയ്തിരുന്നു. 2011മെയ് മാസത്തില്‍ നടന്ന തെരെഞ്ഞെടുപ്പില്‍ സംസ്ഥാന സര്‍ക്കാരിലുണ്ടായ മാറ്റം ബോര്‍ഡ് ഘടനയിലും മാറ്റത്തിന് കാരണമാകുകയും മാറിവന്ന സര്‍ക്കാര്‍ ആ ടെണ്ടര്‍ മുന്നോട്ടു കൊണ്ടു പോകാന്‍ തയ്യാറാകാതിരിക്കുകയും ചെയ്തത് തുടര്‍ന്നുവന്ന വര്‍ഷങ്ങളില്‍ കടുത്ത വൈദ്യുതി പ്രതിസന്ധിക്ക് കാരണമാകുകയും ചെയ്തിരുന്നു. ഏതായാലും ഇത്തരം അനുഭവങ്ങളുടേയും ഭാവി വൈദ്യുതി ആവശ്യകത സംബന്ധിച്ച വിലയിരുത്തലുകളുടേയും അടിസ്ഥാനത്തില്‍ ദീര്‍ഘകാല വൈദ്യുതി വാങ്ങല്‍ ക്രമീകരണങ്ങള്‍ അനിവാര്യമാണെന്ന് ബോര്‍ഡിന് ബോദ്ധ്യപ്പെടുകയുണ്ടായി. അങ്ങിനെയാണ് ഇരുപത്തിയഞ്ചു വര്‍ഷത്തേക്കുള്ള ദീര്‍ഘകാല വൈദ്യുതി വാങ്ങലുകള്‍ക്കായി 05.03.2014നും 25.04.2014നുമായി രണ്ട് ടെണ്ടറുകള്‍ വിളിക്കാന്‍ കെ.എസ്.ഇ.ബി. ലിമിറ്റഡ് തീരുമാനിച്ചത്. 2016 ഡിസംബര്‍ മാസത്തോടെ ഉണ്ടാകാന്‍ ഇടയുള്ള 450 മെഗാവാട്ടിന്റേയും 2017 ഒക്ടോബര്‍ മാസത്തോടെ ഉണ്ടാകാനിടയുള്ള 400 മെഗാവാട്ടിന്റേയും അധിക ആവശ്യകത കണക്കിലെടുത്തുകൊണ്ടാണ് ഇത്തരത്തില്‍ രണ്ട് ടെണ്ടറുകള്‍ വിളിക്കുന്നത്. അന്തര്‍ സംസ്ഥാന പ്രസരണ ശൃംഖലയില്‍ ലഭ്യമാകാനിടയുള്ള തുറന്ന പാതയുടെ സാദ്ധ്യതകളുടെയും വര്‍ദ്ധിച്ചു വരുന്ന വൈദ്യുതി ആവശ്യകത സംബന്ധിച്ച കണക്കുകളുടേയും അടിസ്ഥാനത്തിലാണ് ഈ കണക്കുകള്‍ തയ്യാറാക്കിയത്.  "ഡിസൈന്‍, ബില്‍ഡ്, ഫിനാന്‍സ്, ഓണ്‍ & ഓപ്പറേറ്റ്" അഥവാ ഡി. ബി. എഫ്. ഒ. ഒ. അടിസ്ഥാനത്തില്‍ വൈദ്യുതി നല്‍കാന്‍ തയ്യാറുള്ള സ്ഥാപനങ്ങളേയാണ് ബിഡില്‍ പങ്കെടുക്കാന്‍ ക്ഷണിച്ചത്.
2016 ഡിസംബര്‍ മുതല്‍ വൈദ്യുതി ലഭ്യമാക്കുന്നതിന് വിളിച്ച ഒന്നാമത്തെ ബിഡില്‍ കിട്ടിയ ഓഫറുകള്‍ പരിശോധിച്ചതില്‍ ഒന്നാമത്തെ ബിഡില്‍ ഏറ്റവും കുറഞ്ഞ നിരക്ക് ക്വാട്ട് ചെയ്തത് ജിണ്ടാല്‍ പവര്‍ ലിമിറ്റഡ് ആണ്. എന്നാല്‍ ആവശ്യപ്പെട്ട 450 മെഗാവാട്ടിന് പകരം 200 മെഗാവാട്ട് മാത്രമേ അവര്‍ ഓഫര്‍ ചെയ്തുള്ളൂ. യൂണിറ്റിന് 2.74 രൂപ ഫിക്സഡ് ചാര്‍ജ്ജും 84 പൈസ വേരിയബിള്‍ ചാര്‍ജ്ജുമായി ആകെ 3.60 രൂപ നിരക്കിലാണ് ജിണ്ടാല്‍ പവര്‍ 200 മെഗാവാട്ട് വൈദ്യുതി നല്‍കാമെന്ന് ഏറ്റത്. ഒന്നാമത്തെ ബിഡില്‍ രണ്ടാമത് വന്ന ഝാബുവ പവര്‍ ലിമിറ്റഡ് യൂണിറ്റിന് 4.15 രൂപയാണ് (ഫിക്സഡ് ചാര്‍ജ്ജ് 2.39 രൂപ, വേരിയബിള്‍ ചാര്‍ജ്ജ്    1.76 രൂപ)  ക്വോട്ട് ചെയ്തത്. പക്ഷേ ഇവര്‍ ഓഫര്‍ ചെയ്തത് 115 മെഗവാട്ട് മാത്രമാണ്. വേറെയും 8 സ്ഥാപനങ്ങള്‍ ബിഡില്‍ പങ്കെടുത്തിരുന്നുവെങ്കിലും അവരുടെ ക്വോട്ടുകള്‍ ഇതിനേക്കാള്‍ ഉയര്‍ന്നതായിരുന്നു.
2017 ഒക്ടോബര്‍ മുതല്‍ വൈദ്യുതി ലഭ്യമാക്കുന്നതിന് വിളിച്ച രണ്ടാമത്തെ ബിഡില്‍ ഏറ്റവും കുറഞ്ഞ നിരക്കായി വന്നത് ഭാരത് അലൂമിനിയം കമ്പനിയുടെ യൂണിറ്റിന് 4.29 രൂപയാണ്  (ഫിക്സഡ് ചാര്‍ജ്ജ് 3.35 രൂപ, വേരിയബിള്‍ ചാര്‍ജ്ജ് 1.04 രൂപ). ഇവര്‍ 100 മെഗാവാട്ട് വൈദ്യുതിയാണ് ഓഫര്‍ ചെയ്തത്. രണ്ടാമത്തെ ബിഡില്‍ വേറെ പത്തു സ്ഥാപനങ്ങള്‍ കൂടി 4.37 രൂപ മുതല്‍ 5.95 രൂപ  വരെയുള്ള നിരക്കുകള്‍ ക്വോട്ട് ചെയ്യുകയുണ്ടായി. രണ്ട് ബിഡിലും കണ്ട ഒരു പ്രത്യേകത ഒരു സ്ഥാപനം പോലും നമുക്ക് വേണ്ട മുഴുവന്‍ വൈദ്യുതിയും നല്‍കുന്നതിന് തയ്യാറായില്ല എന്നതാണ്. ഏറ്റവും കുറഞ്ഞ നിരക്ക് ക്വോട്ട് ചെയ്ത സ്ഥാപനത്തില്‍ നിന്നു മാത്രം വൈദ്യുതി വാങ്ങിയാല്‍ നമുക്ക് ആവശ്യമുള്ള വൈദ്യുതി കിട്ടാത്ത സ്ഥിതി ഉണ്ടാകും. ഈ സാഹചര്യത്തില്‍ ഓരോ ടെണ്ടറിലും ഏറ്റവും കുറഞ്ഞ നിരക്ക് ക്വോട്ട് ചെയ്ത സ്ഥാപനത്തിന്റെ നിരക്കിലേക്ക് വരാന്‍ മറ്റുള്ളവരും തയ്യാറുണ്ടോ എന്ന് അന്വേഷിക്കാനാണ് കെ.എസ്.ഇ.ബി. തീരുമാനിച്ചത്. ഒന്നാമത്തെ ബിഡില്‍ ആരും അതിന് തയ്യാറായില്ല. രണ്ടാമത്തെ ബിഡില്‍ നാല് സ്ഥാപനങ്ങള്‍ കൂടി കുറഞ്ഞ നിരക്ക് ക്വോട്ട് ചെയ്ത ബാല്കോയുടെ നിരക്കിലേക്ക് (യൂണിറ്റിന് 4.29 രൂപ) വരാന്‍ തയ്യാറായി.  ഇക്കാര്യങ്ങള്‍ കണക്കിലെടുത്തുകൊണ്ടാണ് വൈദ്യു തി വാങ്ങുന്നതിനുള്ള കരാറുകള്‍ ഉണ്ടാക്കാന്‍     കെ.എസ്.ഇ.ബി. തീരുമാനിച്ചത്.
ഒന്നാമത്തെ ബിഡില്‍ ആവശ്യപ്പെട്ട 450 മെഗാവാട്ടില്‍ കുറഞ്ഞ നിരക്ക് ക്വോട്ട് ചെയ്ത  ജിണ്ടാല്‍ കമ്പനി ഓഫര്‍ ചെയ്ത 200 മെഗാവാട്ട് വാങ്ങാന്‍ തീരുമാനിച്ചു. ക്വോട്ടിലെ രണ്ടാമത്തെ നിരക്ക് ( യൂണിറ്റിന് 4.15 രൂപ) രണ്ടാമത്തെ ക്വോട്ടിലെ കുറഞ്ഞ നിരക്കിനേക്കാള്‍ കോമ്പറ്റിറ്റീവ് ആണെന്നത് കൂടി കണക്കിലെടുത്ത് അവര്‍ ഓഫര്‍ ചെയ്ത 115 മെഗാവാട്ട് വൈദ്യുതി കൂടി വാങ്ങാന്‍ തീരുമാനിച്ചു. അങ്ങിനെ 450 മെഗാവാട്ടില്‍ 315 മെഗാവാട്ട് വൈദ്യുതിയേ ഒന്നാമത്തെ ബിഡ് പ്രകാരം ലഭിച്ചുള്ളൂ. ഇവിടെ വന്ന 135 മെഗാവാട്ടിന്റെ കുറവ് രണ്ടാമത്തെ ബിഡില്‍ പരിഹരിക്കാനാണ് തീരുമാനിച്ചത്.
രണ്ടാമത്തെ ബിഡില്‍ കുറഞ്ഞ നിരക്ക് ക്വോട്ട് ചെയ്ത (യൂണിറ്റിന് 4.29 രൂപ)  ബാല്കോയുടെ 100 മെഗാവാട്ടിന് പുറമേ ആ നിരക്കിലേക്ക് വരാന്‍ തയ്യാറായ മറ്റ് നാല് സ്ഥാപങ്ങളില്‍ നിന്ന് 450 മെഗാവാട്ട് വൈദ്യുതി കൂടി വാങ്ങാന്‍ തിരുമാനിച്ചു. അങ്ങിനെ 2016 ഡിസംബര്‍ മുതല്‍ 25 വര്‍ഷത്തേക്ക്  200 മെഗാവാട്ട് യൂണിറ്റിന് 3.60 രൂപ, 115 മെഗാവാട്ട് യൂണിറ്റിന് 4.15 രൂപ എന്നീ നിരക്കുകളിലും  2017 ഒക്ടോബര്‍ മുതല്‍ 25 വര്‍ഷത്തേക്ക്  550 മെഗാവാട്ട് യൂണിറ്റിന് 4.29 രൂപ നിരക്കിലും വാങ്ങാനാണ് കെ.എസ്.ഇ.ബി. കരാര്‍ ഉണ്ടാക്കിയത്. ഈ കരാറുകള്‍ അംഗീകാരത്തിന് സംസ്ഥാന സര്‍ക്കാരിനും സംസ്ഥാന ഇലക്ട്രിസിറ്റി റഗുലേറ്ററി കമ്മീഷനും സമര്‍പ്പിക്കുകയുണ്ടായി. ബിഡ് നടപടിക്രമങ്ങളില്‍ വരുത്തേണ്ടി വന്ന മാറ്റങ്ങള്‍ക്ക് അനുമതി നല്‍കാന്‍ കേന്ദ്ര സര്‍ക്കാരിനോടും കെ.എസ്.ഇ.ബി. ആവശ്യപ്പെടുകയുണ്ടായി. സംസ്ഥാനസര്‍ക്കാര്‍ കരാറിന് അംഗീകാരം നല്‍കി. റഗുലേറ്ററി കമ്മീഷന്         21.04.15 ല്‍ സമര്‍പ്പിച്ച അപേക്ഷയില്‍ റഗുലേറ്ററി കമ്മീഷന്‍ തീരുമാനമെടുത്തത് 30.08.2016 ലാണ്. രണ്ടു ബിഡിലും കുറഞ്ഞ ക്വോട്ട് ചെയ്ത ഓഫര്‍ മാത്രം അംഗീകരിക്കാനാണ് റഗുലേറ്ററി കമ്മീഷന്‍ തീരുമാനിച്ചിട്ടുള്ളത്. മറ്റു വാങ്ങലുകള്‍ സംസ്ഥാന സര്‍ക്കാരിന്റെ പുന:പരിശോധനക്കും കേന്ദ്ര സര്‍ക്കാരിന്റെ അനുമതിയ്ക്കും ശേഷം പരിഗണിക്കാമെന്നാണ് കമ്മീഷന്‍ തീരുമാനിച്ചിട്ടുള്ളത്. ഉത്തരവില്‍ ഇത്രയേ തീരുമാനിക്കുന്നുള്ളൂ എങ്കിലും ഈ വാങ്ങലുകളിലെ നടപടികള്‍ പൂര്‍ണ്ണമായും പിശകാണെന്ന് സ്ഥാപിക്കാനാണ് 51 പേജുള്ള  ഉത്തരവിലുടനീളം കമ്മീഷന്‍ ശ്രമിച്ചിട്ടുള്ളത്. കേരളത്തിന്റെ വൈദ്യുതി ആവശ്യകത വര്‍ദ്ധിച്ചുവരുന്നുവെന്നുള്ളതുപോലും യഥാര്‍ത്ഥ്യമല്ലെന്നുള്ള ധ്വനിയാണ് ഉത്തരവ് മുന്നോട്ടുവെക്കുന്നത്. മുമ്പ് ദീര്‍ഘകാല കരാര്‍ ഉണ്ടാക്കുന്നില്ലെന്ന് ബോര്‍ഡിനെ വിമര്‍ശിച്ച കമ്മീഷന്‍ ഇപ്പോള്‍ ദീര്‍ഘകാല കരാര്‍ മാത്രമാണ് വേണ്ടതെന്ന് തങ്ങള്‍ പറഞ്ഞിട്ടില്ലെന്നും ഹ്രസ്വകാലക്കരാറുകള്‍ പലപ്പോഴും ദീര്‍ഘകാലക്കരാറിനേക്കാള്‍ നല്ലതാണെന്നും ഈ ഉത്തരവില്‍ പറഞ്ഞുവെക്കുന്നുണ്ട്.
ബ്രഹ്മപുരം ഡീസല്‍ നിലയം എല്‍. എന്‍. ജി. യിലേക്ക് മാറ്റാനുള്ള നിര്‍ദ്ദേശം തള്ളിക്കളയാന്‍ യാതൊരു മടിയും കാണിക്കാത്ത റഗുലേറ്ററി കമ്മീഷന്‍ റിലയന്‍സിന്റെ ബി. എസ്. ഇ. എസ്. നിലയത്തില്‍ നിന്നുള്ള വൈദ്യുതി വാങ്ങല്‍ക്കരാര്‍ പുതുക്കുന്നതിന് യാതൊരു നിയമ പിന്‍ബലവുമില്ലാതെ സമര്‍പ്പിക്കപ്പെട്ട അപേക്ഷ ഇനിയും തള്ളാതെ വെച്ചിരിക്കുകയാണ്. താരീഫ് റഗുലേഷന്‍ 2014ല്‍ ബോര്‍ഡും സംഘടനകളും കൃത്യമായ കണക്കുകള്‍ സഹിതം ചൂണ്ടിക്കാണിച്ച പിശകുകള്‍ പോലും തിരുത്താന്‍ റഗുലേറ്ററി കമ്മീഷന്‍ തയ്യാറായിട്ടില്ല. സര്‍ക്കാര്‍ നല്‍കിയ നയപരമായ നിര്‍ദ്ദേശങ്ങള്‍ തങ്ങള്‍ക്ക് ബാധകമല്ല എന്ന സമീപനമാണ് കമ്മീഷന്‍ സ്വീകരിക്കുന്നത്. ഈ നയങ്ങളുടെ തുടര്‍ച്ചയായി വേണം ദീര്‍ഘകാല വൈദ്യുതി വാങ്ങല്‍ക്കരാറുമായി ബന്ധപ്പെട്ട് റഗുലേറ്ററി കമ്മീഷന്‍ ഇപ്പോള്‍ ഇറക്കിയിട്ടുള്ള ഈ ഉത്തരവിനേയും കാണാന്‍. കേരളത്തിന്റെ വര്‍ദ്ധിച്ചു വരുന്ന വൈദ്യുതി ആവശ്യകത നിറവേറ്റുന്നതിന് വൈദ്യുതി നിലയങ്ങള്‍ സ്ഥാപിച്ചും പുറത്തുനിന്നും വൈദ്യുതി വാങ്ങിയുമടക്കം എല്ലാ സാദ്ധ്യതകളും ഉപയോഗപ്പെടുത്തേണ്ടതുണ്ട്. ഇത് മനസ്സിലാക്കി ക്രിയാത്മകമായി ഇടപെടാന്‍ റഗുലേറ്ററി കമ്മീഷനും ബാദ്ധ്യതയുണ്ട്. തങ്ങളാണ് സര്‍വാധികാരികള്‍ എന്ന് ഭാവിച്ചുള്ള ഇടപെടലുകള്‍ എന്തായാലും ഗുണം ചെയ്യുമെന്ന് തോന്നുന്നില്ല.

 

Add comment


Security code
Refresh

Random Videos

You need Flash player 6+ and JavaScript enabled to view this video.
Title: Power Quiz 2015 Final - Part-1

Latest Comments

Banner

Reference Book

 

Reference Book on Power

Electrical Engineering-- D' 1/4 Size Hard bound-- 1424 Pages-- Just Rs.1000/- only &n...

Visitors Counter

mod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_counter
mod_vvisit_counterToday2461
mod_vvisit_counterYesterday3631
mod_vvisit_counterThis Month85057
mod_vvisit_counterLast Month148586

Online Visitors: 80
IP: 54.162.218.214
,
Time: 12 : 57 : 13