KSEBOA - KSEB Officers' Association

Tuesday
Nov 13th
Text size
  • Increase font size
  • Default font size
  • Decrease font size
Home വാര്‍ത്തകള്‍ കേരളത്തിന് കേന്ദ്ര വൈദ്യുതി വിഹിതം നിഷേധിയ്ക്കപ്പെടും

കേരളത്തിന് കേന്ദ്ര വൈദ്യുതി വിഹിതം നിഷേധിയ്ക്കപ്പെടും

PDF
Hits smaller text tool iconmedium text tool iconlarger text tool icon

Central Shareപുതുതായി ആരംഭിക്കുന്ന കേന്ദ്ര താപ - ആണവ ഉത്പാദന നിലയങ്ങളില്‍ നിന്നും സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കുമുള്ള വൈദ്യുതി വിഹിതം നിശ്ചയിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ പുനര്‍നിര്‍ണയിച്ചു കൊണ്ടുള്ള കരടു നയം കേന്ദ്രഗവണ്മെന്റ് പുറപ്പെടുവിച്ചു. ഇതനുസരിച്ച് വൈദ്യുതിനിലയം സ്ഥാപിക്കപ്പെടുന്ന സംസ്ഥാനത്തിന് സ്ഥാപിതശേഷിയുടെ 85% വിഹിതം നല്‍കും.
2000 മുതല്‍ തുടര്‍ന്നുവരുന്ന രീതിയനുസരിച്ച് കേന്ദ്ര താപ - ആണവ വൈദ്യുതി നിലയം സ്ഥാപിക്കപ്പെടുന്ന മേഖലയിലെ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കുമായി സ്ഥാപിത ശേഷിയുടെ 85% വിഹിതം പങ്കുവച്ചു നല്‍കുന്ന സ്ഥിതിയാണുള്ളത്. ഇതില്‍ 10% വിഹിതം പദ്ധതി സ്ഥിതിചെയ്യുന്ന സംസ്ഥാനത്തിന് മാത്രമായി നല്‍കും. ബാക്കി വരുന്ന 75% വിഹിതം പദ്ധതി സ്ഥിതി ചെയ്യുന്ന സംസ്ഥാനത്തിനടക്കം മേഖലയിലെ കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കുമായി വീതിച്ചു നല്‍കുകയായിരുന്നു രീതി. 15% വിഹിതം അണ്‍ അലോക്കേറ്റഡ് വിഹിതമായി മാറ്റുകയും അവശ്യ ഘട്ടങ്ങളില്‍ സംസ്ഥാന ങ്ങള്‍ക്കു ആവശ്യാനുസരണം അനുവദിക്കുകയും ചെയ്യും. കഴിഞ്ഞ 5 വര്‍ഷം കേന്ദ്രം സംസ്ഥാനത്തിന് നല്‍കിയ പദ്ധതി വിഹിതം (Central Plan     Assistance), സംസ്ഥാനത്തെ ഇക്കാലത്തെ വൈദ്യുതി ഉപഭോഗം എന്നിവ ഘടകങ്ങളായി എടുത്തുകൊണ്ടായിരുന്നു സംസ്ഥാനങ്ങള്‍ക്കുള്ള വൈദ്യുതി വിഹിതം നിശ്ചയിച്ചിരുന്നത്. ഇതില്‍ കേന്ദ്ര പദ്ധതി വിഹിതം നിശ്ചയിക്കുന്ന ഗാഡ്ഗില്‍ ഫോര്‍മുലയില്‍ സംസ്ഥാനത്തെ ജനസംഖ്യയും പരിഗണിക്കപ്പെടുന്നു.


ഈ രീതികളില്‍ നിന്നും വ്യത്യസ്തമായി സംസ്ഥാനങ്ങളും കേന്ദ്ര നിലയങ്ങളുമായി ഏര്‍പ്പെടുന്ന സംയുക്ത സംരംഭ പദ്ധതികളില്‍ നിന്നും കൂടുതല്‍ വൈദ്യുതി വിഹിതം സംരംഭത്തിലേര്‍പ്പെടുന്ന സംസ്ഥാനങ്ങള്‍ക്ക് നല്‍കിയിട്ടുണ്ട്. ഇത്തരം പദ്ധതികളില്‍ എര്‍പ്പെടുന്ന സംസ്ഥാനത്തിന് ഓഹരി പങ്കാളിത്തം ഉണ്ടായിരിക്കും. കൂടാതെ 2011 മുതല്‍ എന്‍.റ്റി.പി.സി പുതുതായി പണികഴിപ്പിക്കുന്ന നിലയങ്ങളില്‍ നിന്നും 50% വൈദ്യുതി പദ്ധതി സ്ഥാപിക്കുന്ന സംസ്ഥാനങ്ങള്‍ക്കു നല്‍കാന്‍ തീരുമാനിച്ചിരുന്നു. ന്യൂക്ലിയര്‍ പവര്‍ കോര്‍പ്പറേഷന്റെ പദ്ധതികളില്‍ നിന്നും 2011 മുതല്‍ 50% വിഹിതം പദ്ധതി സ്ഥാപിക്കപ്പെടുന്ന സംസ്ഥാനങ്ങള്‍ക്കു നല്‍കാന്‍ വ്യവസ്ഥ ചെയ്തിരുന്നു. അപ്പോഴും മേഖലയിലെ മറ്റു സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും 85% വൈദ്യുതി വിഹിതം ലഭിക്കുമായിരുന്നു.
നിലവില്‍ പുറപ്പെടുവിച്ചിരിക്കുന്ന കരടുരൂപമനുസരിച്ച് താപനിലയം സ്ഥാപിക്കപ്പെടുന്ന സംസ്ഥാനത്തിനു് ഉല്‍പാദിപ്പിക്കപ്പെടുന്ന വൈദ്യുതിയുടെ 85% വിഹിതമായി ലഭിക്കും. മറ്റു സംസ്ഥാനങ്ങളില്‍ നിന്നും കല്‍ക്കരി അടക്കമുള്ള ഇന്ധനങ്ങള്‍ കൊണ്ടുവന്നാണ് നിലയം പ്രവര്‍ത്തിപ്പിക്കുന്നതെങ്കില്‍ 85% വിഹിതം ഈ സംസ്ഥാനങ്ങള്‍ക്കായി വീതിച്ചു നല്‍കും. നിലയം സ്ഥാപിക്കപ്പെടുന്ന സംസ്ഥാനത്തിന്റെ വീഴ്ചമുലം നിര്‍മാണ പ്രവര്‍ത്തനം വൈകിയാല്‍ ആ സംസ്ഥാനത്തിന്റെ വിഹിതം 6% കുറയ്ക്കുകയും അത് അണ്‍ അലോക്കേറ്റഡ് വിഹിതത്തില്‍ ചേര്‍ക്കുകയും ചെയ്യും. അണ്‍ അലോക്കേറ്റഡ് വിഹിതം 15% അടിയന്തിര ഘട്ടങ്ങളില്‍ ആവശ്യാനുസരണം സംസ്ഥാനങ്ങള്‍ക്കു നല്‍കാനായി മാറ്റിവയ്ക്കും. ആണവ നിലയങ്ങള്‍ക്കും പദ്ധതി സ്ഥിതിചെയ്യുന്ന സംസ്ഥാനത്തിന് 85% വിഹിതം അണ്‍ അലോക്കേറ്റഡ് മാറ്റുമെന്നുള്ള നിബന്ധനയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
പുതിയ നയം കേന്ദ്രം മുതല്‍മുടക്കി ആരംഭിക്കുന്ന കേന്ദ്ര വൈദ്യുത പദ്ധതികളില്‍ നിന്നും വിഹിതം ലഭിക്കാനുള്ള സംസ്ഥാനങ്ങളുടെ അവകാശത്തെ ഹനിക്കുന്ന ഒന്നാണ്. പദ്ധതി നിലവില്‍ വരുന്ന സംസ്ഥാനങ്ങള്‍ക്ക് പരമാവധി 50% അധികം വിഹിതം നല്‍കുന്നത് കേന്ദ്ര മുതല്‍മുടക്ക് സംതുലിതമായി പങ്കുവക്കുന്നതിനെ ബാധിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. ആണവ നിലയങ്ങള്‍ക്കായി ചെലവഴിക്കുന്ന കോടിക്കണക്കിനു രൂപയുടെ മുതല്‍മുടക്ക്, പദ്ധതി സ്ഥിതി ചെയ്യുന്ന സംസ്ഥാനത്തിന് മാത്രമായി ചുരുങ്ങുകയും ചെയ്യും.
കേരളത്തില്‍ വൈദ്യതി ഉല്‍പാദിപ്പിക്കാനാവശ്യമായ പ്രകൃതിവിഭവങ്ങള്‍ ദുര്‍ലഭമാണ്. ജനസാന്ദ്രത കൊണ്ടും പാരിസ്ഥിതിക പ്രശ്നങ്ങള്‍ കൊണ്ടും കേരളത്തില്‍ വന്‍കിട കേന്ദ്ര പദ്ധതികള്‍ സ്ഥാപിക്കാനുള്ള സാധ്യത ഇല്ലെന്ന് തന്നെ പറയാം. ഈ നയം നടപ്പാക്കിയാല്‍ ഇനി കേരളത്തിന് കേന്ദ്രവിഹിതം അധികമായി ലഭിക്കില്ല.
സമീപ ഭാവിയില്‍ ദക്ഷിണേന്ത്യയില്‍ നടപ്പാക്കാന്‍ സാധ്യതയുള്ള കേന്ദ്രനിലയം കൂടംകുളത്തെ ആണവോര്‍ജ പദ്ധതിയുടെ അടുത്ത ഘട്ട വികസനമാണ്. ഇവിടെ 1000 മെഗാവാട്ട് വീതം ശേഷി വരുന്ന നാലു റിയാക്ടറുകള്‍ കൂടി ചേര്‍ത്ത് 6000 മെഗാവാട്ട് സ്ഥാപിത ശേഷി വര്‍ദ്ധിപ്പിക്കാനുള്ള നടപടികള്‍ ന്യൂക്ലിയര്‍ പവര്‍ കോര്‍പ്പറേഷന്‍ എടുത്തുവരുന്നു. നിലവില്‍ 2000 മെഗാവാട്ട് പദ്ധതിയില്‍ നിന്നും കേരളത്തിന് 266 മെഗാവാട്ട് വിഹിതമുണ്ട്. പുതിയ നയം നടപ്പാക്കുമ്പോള്‍ ഈ പദ്ധതിയില്‍ നിന്നുള്ള വൈദ്യുതി വിഹിതം ഏറെക്കുറെ പൂര്‍ണ്ണമായും തമിഴ്‌നാടിനു ലഭിക്കുകയും കേരളമടക്കമുള്ള മറ്റു ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്കു് വിഹിതം ലഭിക്കാതെ വരികയും ചെയ്യും.
കേന്ദ്ര ഉത്പാദന നിലയങ്ങളില്‍ നിന്നുള്ള വൈദ്യുതി വിഹിതത്തെയാണ് കേരളം പ്രധാനമായും ആശ്രയിക്കുന്നത്. അതിലുണ്ടാകുന്ന ചെറിയ കുറവ് പോലും സംസ്ഥാനത്തിന്റെ വൈദ്യുതി വിതരണ പദ്ധതിയെ പ്രതികൂലമായി ബാധിക്കും. പുതിയ നയം കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയാല്‍, കേന്ദ്ര നിലയങ്ങളില്‍ നിന്നും ലഭ്യമാകുന്ന താരതമ്യേന വിലകുറഞ്ഞ വൈദ്യുതി കേരളത്തിനു് നിഷേധിയ്ക്കപ്പെടും. കേന്ദ്രത്തിന്റെ കൈവശമുള്ള 15% അണ്‍ അലോക്കേറ്റഡ് വിഹിതത്തിന്റെ ഒരു ഭാഗം കൊണ്ട് തൃപ്തിപ്പെടേണ്ടി വരും. മറ്റ് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളെ അപേക്ഷിച്ച് കഴിഞ്ഞ അഞ്ച് വര്‍ഷം കേരളത്തില്‍ കാര്യമായ ഉത്പാദന ശേഷി വര്‍ദ്ധനവ് ഉണ്ടായിട്ടില്ല എന്നതും പ്രതിസന്ധിയുടെ ആഴം വര്‍ദ്ധിപ്പിക്കുന്നുണ്ട്. ഊര്‍ജ്ജ ആവശ്യകത വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍, വിലകൂടിയ വൈദ്യുതി കമ്പോളത്തില്‍ നിന്നും വാങ്ങുന്നതിന് കേരളം നിര്‍ബന്ധിതമാകും. ഇത് നമ്മുടെ സംസ്ഥാനത്ത് പൊതുജനങ്ങള്‍ക്കു് വിതരണം ചെയ്യുന്ന വൈദ്യുതിയുടെ വില കുത്തനെ ഉയര്‍ത്തും. ചുരുക്കത്തില്‍ കേരളത്തിന്റെ വികസനത്തെ ബാധിക്കുന്നതാണ് പുതിയ കേന്ദ്രനയം.

 

flood-banner 

Random Videos

You need Flash player 6+ and JavaScript enabled to view this video.
Title: Power Quiz 2015 Final - Part-1

Latest Comments

Banner

Reference Book

 

Reference Book on Power

Electrical Engineering-- D' 1/4 Size Hard bound-- 1424 Pages-- Just Rs.1000/- only &n...

Visitors Counter

mod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_counter
mod_vvisit_counterToday2635
mod_vvisit_counterYesterday5609
mod_vvisit_counterThis Month69055
mod_vvisit_counterLast Month185096

Online Visitors: 62
IP: 54.80.45.31
,
Time: 10 : 50 : 48