സമ്പൂർണ്ണ വൈദ്യുതീകരണം - ചരിത്രനേട്ടം കൈവരിക്കാൻ

Friday, 21 October 2016 14:01 കടകംപള്ളി സുരേന്ദ്രന്‍
Print

കേരളം മറ്റൊരു ചരിത്രനേട്ടത്തിന്റെ പടിവാതിൽക്കലാണ്. സമ്പൂർണ്ണ വൈദ്യുതീകരണം അക്ഷരാർത്ഥത്തിൽ കൈവരിക്കുന്ന ആദ്യ ഇന്ത്യൻ സംസ്ഥാനമാകാനുള്ള കൂട്ടായ യത്നത്തില്‍ അഭിപ്രായഭേദമില്ലാതെ എല്ലാവരും കൈകോർക്കുന്ന സന്ദർഭമാണിത്. അപേക്ഷിക്കുന്നവർക്കെല്ലാം വൈദ്യുതി കണക്ഷൻ നല്കുന്നതിനപ്പുറം വൈദ്യുതി ഇനിയും എത്തിയിട്ടില്ലാത്ത എല്ലാ വീടുകളും കണ്ടെത്തി വൈദ്യുതി എത്തിച്ചു കൊടുക്കുക എന്ന വലിയ ഉത്തരവാദിത്വമാണ് നാം ഏറ്റെടുത്തിട്ടുള്ളത്. ഒരു ഗവൺമെന്റിന്റെ ദൃഷ്ടി, സമൂഹത്തിൽ ഏറ്റവും പിന്നോക്കം നില്ക്കുന്നവരിലാണ് ആദ്യം പതിയേണ്ടത് - ചരിത്രപരമോ സാമൂഹികമോ സാമ്പത്തികമോ മറ്റെന്തെങ്കിലുമൊക്കയോ കാരണങ്ങളാൽ പിന്തള്ളപ്പെട്ടു പോയവർ. അങ്ങിനെയുള്ളവരെ കൈത്താങ്ങു നല്കി സംരക്ഷിച്ച് വികസനത്തിന്റെ ഗുണഫലങ്ങൾ അവർക്കും ലഭ്യമാക്കേണ്ടതുണ്ട്. ഈ ഗവൺമെന്റിന്റെ മുൻഗണനാക്രമത്തിൽ ആദ്യമെത്തുന്നത് അവരാണ്. ഏവർക്കും ആധുനിക ജീവിത സാഹചര്യങ്ങളൊരുക്കാൻ വൈദ്യുതി അത്യന്താപേക്ഷിതമായതിനാൽ ഗവൺമെന്റിന്റെ ആദ്യ നയപ്രഖ്യാപനത്തിൽ തന്നെ എല്ലാവർക്കും വൈദ്യുതിയെന്ന ലക്ഷ്യം പ്രഖ്യാപിച്ചിരുന്നു.

വലിയൊരു ഇടവേളയ്ക്ക് ശേഷമാണ് കേരളം വീണ്ടും ഈ ലക്ഷ്യത്തിനു വേണ്ടി പ്രവർത്തനം പുനരാരംഭിക്കുന്നത്. 2006-11 ലെ എല്‍ ഡി എഫ് ഗവൺമെന്റ് സമ്പൂർണ്ണ വൈദ്യുതീകരണത്തിനായി നടത്തിയ പ്രവർത്തനങ്ങളുടെ തുടർച്ചയാണ് 2016ൽ വീണ്ടും നാം ഏറ്റെടുക്കുന്നത്. അക്കാലയളവിൽ 4 ജില്ലകളും 86 നിയോജക മണ്ഡലങ്ങളും സമ്പൂർണ്ണമായി വൈദ്യുതീകരിക്കാൻ കഴിഞ്ഞത് കേരളമൊട്ടാകെയുള്ള സമ്പൂർണ്ണ വൈദ്യുതീകരണം 2017 മാർച്ചിനകം കൈവരിക്കാനുള്ള വലിയ ലക്ഷ്യം ഏറ്റെടുക്കാനുള്ള ആത്മവിശ്വാസം നമുക്ക് നല്കുന്നുണ്ട്. മണ്ഡല പുനക്രമീകരണവും 2011 ന് ശേഷം വന്ന വീടുകളും കണക്കിലെടുക്കുമ്പോൾ എല്ലാ നിയോജക മണ്ഡലങ്ങളിലും സമ്പൂർണ്ണ വൈദ്യുതീകരണത്തിനായുള്ള പ്രവർത്തനങ്ങൾ ഇത്തവണ നടത്തേണ്ടതുമുണ്ട്. 

ജനപ്രതിനിധികളുടെയും സന്നദ്ധ പ്രവർത്തകരുടെയും വൈദ്യുതി ബോർഡ് ജീവനക്കാരുടെയുമെല്ലാം കൂട്ടായുള്ള പ്രവർത്തനത്തിലൂടെ ഏകദേശം 1.16 ലക്ഷം വീടുകൾ ഇന്നത്തെ നിലയ്ക്ക് വൈദ്യുതി എത്തിയിട്ടില്ലാത്തതായി കണ്ടെത്തിയിട്ടുണ്ട്. സർവ്വേ പ്രവർത്തനങ്ങൾ നടന്ന സന്ദർഭത്തിൽ അർഹരായ വീടുകൾ ഏതെങ്കിലും വിട്ടു പോയിട്ടുണ്ടെങ്കിൽ കേവലം സാങ്കേതികത്വത്തിന്റെ പേരിൽ അവരെ ഒഴിവാക്കാൻ കഴിയില്ല. അങ്ങിനെയുള്ളവ വളരെ പരിമിതമായിരിയ്ക്കുമെന്നതിനാൽ ഗുണഭോക്താക്കളുടെ എണ്ണത്തിൽ വലിയ മാറ്റം ഉണ്ടാകുമെന്ന് കരുതുന്നില്ല.

വൈദ്യുതി എത്താനുള്ള വീടുകളിൽ പകുതിയിലേറെയും, ഏകദേശം 60,000 വീടുകൾ, വയറിംഗ് നടത്തിയിട്ടില്ലാത്തവ ആണെന്ന് കണ്ടെത്തിയിട്ടുണ്ട്.      85,000 ത്തോളം കുടുംബങ്ങൾ ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ളവരാണ്. ബാക്കിയുള്ള കുടുംബങ്ങൾ സാങ്കേതികമായി ബി പി എല്‍ എന്ന് രേഖപ്പെടുത്തിയിട്ടില്ലെങ്കിലും പിന്നോക്കാവസ്ഥയിലുള്ളവർ തന്നെയാണ്. ഏകദേശം 53,000 കുടുംബങ്ങൾ പട്ടിക ജാതി പട്ടിക വർഗ്ഗ വിഭാഗങ്ങളിൽ പെട്ടതാണ്. വനത്തിനുള്ളിലെ 94 ഒറ്റപ്പെട്ട കോളനികളിലായി ഏകദേശം 2512 കുടുംബങ്ങൾക്ക് വൈദ്യുതി ലഭിക്കാനുണ്ട്.

കോളനി വൈദ്യുതീകരണമടക്കം എല്ലാ വീടുകളിലും വൈദ്യുതിയെത്തിക്കാൻ ഏകദേശം 200 കോടി രൂപ വേണ്ടി വരുമെന്നാണ് കണക്കാക്കിയിട്ടുള്ളത്. ഒരു നിയോജക മണ്ഡലത്തിന് വേണ്ടി വരുന്ന തുകയുടെ 50 % (പരമാവധി ഒരു കോടി രൂപ) വരെ കെ എസ് ഇ ബി ലിമിറ്റഡ് വഹിക്കണം. ബാക്കി ആവശ്യമായ തുക കൂട്ടായ പ്രയത്നത്തിലൂടെ കണ്ടെത്താനാണ് നിശ്ചയിച്ചിട്ടുള്ളത്. ജനപ്രതിനിധികളുടെ മണ്ഡല വികസന ഫണ്ടുകൾ, ആസ്തി വികസന ഫണ്ട്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതി വിഹിതം, എസ് സി പി / റ്റി എസ് പി ഫണ്ടുകൾ എന്നിവ ഈ പദ്ധതിക്കായി ഉപയോഗപ്പെടുത്താം. ജനപ്രതിനിധികൾ നിശ്ചയദാർഢ്യത്തോടെ ഇടപെട്ടാൽ ആവശ്യമായ തുക കണ്ടെത്താൻ യാതൊരു പ്രയാസവുമുണ്ടാകില്ലെന്നാണ് അനുഭവം വ്യക്തമാക്കുന്നത്. 

സന്നദ്ധ സംഘടനകളുടെ പങ്ക്

വീടുകൾ വയറിംഗ് ചെയ്യുന്നതിനുള്ള ചിലവ് മേൽ സൂചിപ്പിച്ച തുകയ്ക്ക് പുറമേ വരും. വയറിംഗിനുള്ള ചിലവ് സ്വയം വഹിക്കാൻ നിവൃത്തിയില്ലാത്ത കുടുംബങ്ങൾക്ക് വയറിംഗ് ചെയ്തു കൊടുക്കുന്നതിനുള്ള സാഹചര്യമൊരുക്കണം. സമൂഹത്തിലെ സുമനസ്സുകളുടെയടക്കം സഹായം ഇക്കാര്യത്തിലുണ്ടാകുമെന്നാണ് ഗവൺമെന്റ് കരുതുന്നത്. വൈദ്യുതി ജീവനക്കാർ ഇതിനകം തന്നെ മാതൃകാപരമായി പലയിടങ്ങളിലും വീടുകൾ വയറിംഗ് നടത്തി വൈദ്യുതി കണക്ഷൻ നല്കാൻ കൂട്ടായി ശ്രമിക്കുന്നത് ഗവൺമെന്റിന്റെ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ജീവനക്കാരുടെ സംഘടനകളുമായി സംസാരിച്ചപ്പോൾ ഒരോ സെക്ഷനിലും ചുരുങ്ങിയത് ഒരു വീടെങ്കിലും വയറിംഗ് നടത്തുന്നതിന് സന്നദ്ധത അറിയിച്ചിട്ടുണ്ട്. ഇതിന് പുറമേ ഓരോ പ്രദേശത്തുമുള്ള സന്നദ്ധ സംഘടനകളും വ്യക്തികളുമൊക്കെ ഈ സംരംഭത്തിൽ പങ്കാളികളാകാൻ മുന്നോട്ടു വരുന്നതായാണ് അനുഭവം. ഇത്തരം മുൻകൈകൾ ഫലപ്രദമായി ഏകോപിപ്പിക്കുന്നതിനും സമയബന്ധിതമായി പ്രവൃത്തികൾ പൂർത്തീകരിക്കുന്നതിനും വൈദ്യുതി ജീവനക്കാരുടെ അവസരോചിതമായ ഇടപെടലും ചിട്ടയായ പ്രവർത്തനവും ആവശ്യമാണ്.

വീടുകൾ വയറിംഗ് നടത്തുന്നതിന് തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളുടെ ഫണ്ടും പട്ടികജാതി പട്ടികവർഗ്ഗ വകുപ്പിന്റെ ഫണ്ടും ലഭ്യമാക്കാൻ കഴിയും. പട്ടിക വർഗ്ഗ വിഭാഗങ്ങൾക്ക് 2500 രൂപ തോതിൽ വയറിംഗിനായി അനുവദിച്ചിരുന്നത് 5000 രൂപയായി വർദ്ധിപ്പിക്കാൻ ഗവൺമെന്റ് തീരുമാനിച്ചിട്ടുണ്ട്. പട്ടികജാതി വിഭാഗങ്ങൾക്കും ബി പി എല്‍ കുടുംബങ്ങൾക്കും വയറിംഗിന് തുക അനുവദിക്കാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് അനുമതിയുമുണ്ട്. 

നടപടികള്‍ ലഘൂകരിയ്ക്കും

ജില്ലകളിൽ നടത്തിയ റിവ്യൂ മീറ്റിങ്ങുകളിൽ പ്രധാനമായും ചൂണ്ടിക്കാട്ടിയ പ്രയാസങ്ങളിൽ ഒന്ന് റവന്യൂ പുറമ്പോക്കിലും തോട്ടുവക്കിലും പട്ടയമില്ലാത്ത ഭൂമിയിലും തീരപ്രദേശങ്ങളിലും മറ്റുമുള്ള വീടുകൾക്ക് കെട്ടിട നമ്പർ ലഭിക്കാത്ത പ്രശ്നമായിരുന്നു. ഈ പ്രശ്നം സമ്പൂർണ്ണ വൈദ്യുതീകരണ പദ്ധതിയെ ബാധിക്കാതിരിക്കാൻ ആവശ്യമായ ഉത്തരവുകൾ നല്കി കഴിഞ്ഞിട്ടുണ്ട്. 100 സ്ക്വയർ മീറ്റർ വരെ വിസ്തൃതിയുള്ള വീടുകൾക്ക് ഉടമസ്ഥാവകാശ രേഖ ഹാജരാക്കാതെ തന്നെ വൈദ്യുതി കണക്ഷൻ നല്കുന്നതിന് അനുവദിച്ചു കൊണ്ടുള്ള ഗവൺമെന്റ് ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. കൂടാതെ 1500 ചതുരശ്ര അടി വരെ വിസ്തീർണ്ണമുള്ള വീടുകൾക്ക് വൈദ്യുതി കണക്ഷൻ ഉൾപ്പടെയുള്ള ആവശ്യങ്ങൾക്കായി താല്ക്കാലിക നമ്പർ അനുവദിക്കാനും തീരുമാനമായിട്ടുണ്ട്. 

ഒറ്റപ്പെട്ട പ്രദേശങ്ങളിലും വൈദ്യുതി എത്തിയ്ക്കും

വനത്തിനുള്ളിലെ ഒറ്റപ്പെട്ട കോളനികളുടെയും വീടുകളുടെയും പ്രശ്നമാണ് മറ്റൊന്ന്. സാങ്കേതികമായി ലൈൻ വലിക്കാൻ സാധിക്കുന്ന സ്ഥലങ്ങളിൽ വനം വകുപ്പിന്റെ അനുമതി ലഭ്യമാക്കാൻ ഗവൺമെന്റ് മുൻകൈ എടുത്തിട്ടുണ്ട്. ഇക്കാര്യത്തിൽ കേന്ദ്ര ഊർജ്ജ മന്ത്രാലയത്തിന്റെ ഇടപെടലും ഗവൺമെന്റ് അഭ്യർത്ഥിച്ചിട്ടുണ്ട്. ലൈൻ വലിക്കൽ അസാദ്ധ്യമായ സ്ഥലങ്ങളിൽ സൗരോർജ്ജവും മൈക്രോ വിൻഡ് മെഷീനുകളും മറ്റുമുൾപ്പെടുന്ന മൈക്രോ ഗ്രിഡ് സ്ഥാപിച്ച് വൈദ്യുതിയെത്തിക്കാനാണ് തീരുമാനിച്ചിട്ടുള്ളത്. ഇതിന്റെ പ്രാരംഭ പ്രവർത്തനങ്ങളും ആരംഭിച്ചു കഴിഞ്ഞു.

സ്വകാര്യ ഭൂമിയിലൂടെ ലൈൻ വലിക്കുമ്പോൾ ചിലപ്പോഴെങ്കിലും ഉണ്ടാകാറുള്ള തർക്കങ്ങൾ ഉടനടി നിയമാനുസൃതമായി പരിഹരിച്ച് വൈദ്യുതി നല്കാൻ കഴിയണമെന്ന് എല്ലാ ജില്ലാ കളക്ടർമാർക്കും ഗവൺമെന്റ് കർശന നിർദ്ദേശം നല്കിയിട്ടുണ്ട്. ഈ നിലയ്ക്ക് തടസ്സങ്ങളെല്ലാം സമയബന്ധിതമായി പരിഹരിച്ച് 2017 മാർച്ചിനകം എല്ലാ വീടുകളിലും വൈദ്യുതിയെത്തിക്കാൻ നാം കൂട്ടായി പരിശ്രമിച്ചാൽ കഴിയും.

ഇന്ത്യയിലിനിയും 3 കോടിയോളം ജനങ്ങൾക്ക് വൈദ്യുതിയെത്തിയിട്ടില്ല എന്ന വസ്തുതയുടെ പശ്ചാത്തലത്തിൽ കാണുമ്പോൾ കേരളം കൈവരിക്കുന്ന ഈ നേട്ടത്തിന്റെ ചരിത്രപരമായ പ്രാധാന്യം നമുക്ക് വേഗം തിരിച്ചറിയാൻ കഴിയും. ഈ മാസം 7, 8 തീയതികളിൽ ഗുജറാത്തിലെ വഡോദരയിൽ വച്ചു നടന്ന ഇന്ത്യയിലെ വൈദ്യുതി മന്ത്രിമാരുടെ കോൺഫറൻസിൽ അവതരിപ്പിച്ച കണക്കുകൾ പ്രകാരം ഇനിയും വൈദ്യുതിയെത്തിയിട്ടില്ലാത്ത പതിനായിരത്തോളം ഗ്രാമങ്ങളിൽ 2017 മേയ് ഓടെ വൈദ്യുതിയെത്തിക്കാനുള്ള ശ്രമം നടക്കുന്നതേയുള്ളൂ. വൈദ്യുതിയെത്തിയ ഗ്രാമങ്ങളിൽ വലിയൊരു വിഭാഗം വീടുകൾക്ക് ഇനിയും വൈദ്യുതി ലഭിച്ചിട്ടുമില്ല.
വൈദ്യുതി രംഗത്തെ ഗവൺമെന്റ് നയം നടപ്പാക്കുന്നതിന്റെ ആദ്യ ഘട്ടമാണ് സമ്പൂർണ്ണ വൈദ്യുതീകരണ പദ്ധതി. എല്ലാവർക്കും തടസ്സമില്ലാതെ എല്ലായ്പ്പോഴും ഗുണനിലവാരമുള്ള വൈദ്യുതി ലഭ്യമാവണമെന്നാണ് ഗവൺമെന്റ് ലക്ഷ്യം വയ്ക്കുന്നത്. ഇതിനായി ആഭ്യന്തര വൈദ്യുതി ഉല്പാദനം വർദ്ധിപ്പിക്കുന്നതിനും പ്രസരണ ശൃംഖലയുടെ ശേഷി ഗണ്യമായി വർദ്ധിപ്പിക്കുന്നതിനും വിതരണ ശൃംഖല ആധുനികവല്കരിക്കുന്നതിനും ശക്തമായ നടപടികൾ ആവശ്യമാണ്. ഈ ദിശയിലുള്ള പ്രവർത്തനങ്ങളും കൂട്ടായി കണ്ടെത്താനും നടപ്പാക്കാനും നമുക്ക് കഴിയണം.