സന്ധ്യയില്‍ ഇരുള്‍ പടര്‍ന്നു. നിശാമുഖം കുളിരണിഞ്ഞു. തെരുവു വിളക്കിന്റെ വെളിച്ചത്തില്‍ കോണ്‍ക്രീറ്റു പാത ചത്തു കിടന്നു.ശീമ പ്രതാപത്തിന്റെ പ്രേതം
റോബര്‍ട്ട്സണ്‍ സായിപ്പും ആല്‍ബര്‍ട്ട് സായിപ്പും വിരാടിയ വഴിത്താര. അന്നിവിടെ ഒരു ബോര്‍ഡ് ഉണ്ടായിരുന്നു.
ഇന്ത്യക്കാരനും, പട്ടിക്കും പ്രവേശനമില്ല.
മഞ്ഞ നിറത്തില്‍ കറുത്ത വലിയ അക്ഷരമുള്ള ബോര്‍ഡ്.
കിനിഞ്ഞിറങ്ങുന്ന കുളിര് നടത്തത്തിന് വേഗത കൂട്ടി.
ഒന്നു പതുക്കെ......കിതച്ചു കൊണ്ടുള്ള ലീലയുടെ അപേക്ഷ.
മേദസ്സൂറിയ മേനി അവള്‍ക്കിന്നൊരു ഭാരമാണ്.
വലിച്ചു വലിച്ചുള്ള നടത്തം കാണുമ്പോള്‍ വിഷമം തോന്നും.....
എന്തു ചെയ്യാം..... ഡോക്ടറുടെ കല്പനയാണ്. അതിജീവനത്തിനു വേണ്ടിയുള്ള ഈ അഭ്യാസം.
അയാളുടെ അവസ്ഥയും വ്യത്യസ്തമായിരുന്നില്ല.
കൊളസ്ട്രോളും, ഡയബറ്റിക്കും, അല്ലറ ചില്ലറ അലര്‍ജിയും.
പ്രാരാബ്ധ ജീവിതത്തിന്റെ ബാലന്‍സ് ഷീറ്റില്‍ കോളം നിറച്ചു.
ആ ബാഗ് ഇങ്ങോട്ട് തന്നോളൂ........
അവളുടെ വിഷമം കണ്ട് അയാള്‍ പറഞ്ഞു.
സായാഹ്ന സവാരിയുടെ കൂടെ വീട്ടുസാധനങ്ങള്‍ വാങ്ങുന്നത് സ്ഥിരം പരിപാടിയായി മാറി. വീട്ടില്‍ നിന്ന് റോബര്‍ട്സണ്‍ പേട് വരെ നടക്കും. അവിടെ നിന്ന് സാധനങ്ങള്‍ വാങ്ങി തിരിച്ചും.
അന്ത്യയാമങ്ങളില്‍ ആശ്രയമില്ലാത്തവര്‍ക്ക് അവനവന്‍ തുണ. പണ്ട് ഹരി കോളേജില്‍ നിന്ന് വരുമ്പോള്‍ എല്ലാം വാങ്ങിക്കൊണ്ടു വരുമായിരുന്നു. അവന്‍ ജോലി കിട്ടി പോയതോടെ ഒന്നിനും ആളില്ലാതായി..... ഒറ്റക്കാണെന്നൊരു തോന്നല്‍.
ഈ അവസ്ഥ ചരിത്ര നിയോഗമോ......? തനിയാവര്‍ത്തനമോ? എന്റെ അമ്മയും ഇതെല്ലാം അനുഭവിച്ചു കാണുമോ?
സ്കൂള്‍ വിട്ടുവന്നാല്‍ എന്റെ പണി പീടിക സാമാനങ്ങള്‍ വാങ്ങലായിരുന്നു മണ്ണെണ്ണക്കുപ്പിയുടെ കഴുത്തില്‍ കെട്ടിയ കയറും തൂക്കി കാദരാക്കയുടെ പീടികയിലേക്കൊരോട്ടം. മണ്ണെണ്ണയില്‍ മായം ചേര്‍ത്തു കിട്ടുന്ന മിച്ചം പൈസയ്ക്ക് ലോസഞ്ചര്‍ മിഠായി വാങ്ങും. മിഠായിയുടെ പങ്കു വാങ്ങാന്‍ അപ്പുണ്ണി കാത്തിരിക്കുന്നുണ്ടാവും.
മിഠായി കിട്ടിയാല്‍ അവന്‍ അമ്മയോട് പറയും.... എന്റെ കള്ളത്തരം പുറത്താവുകയും ചെയ്യും.
ജീവിത ചക്രത്തിലെ ഊഷ്മളമായ കാലം.
ഞാന്‍ നാടുവിട്ടശേഷം ഞങ്ങളെപ്പോലെ അമ്മയും നിരാശ്രയയായോ...? ഇല്ല. ഒരിക്കലും അങ്ങിനെയാവാന്‍ സാധ്യതയില്ല.
അപ്പുണ്ണിയും കാര്‍ത്യാനിയും നാട്ടില്‍ത്തന്നെ ഉണ്ടായിരുന്നുവല്ലോ. അതിനു പുറമേ അമ്മയുടെ ഏതാവശ്യവും കണ്ടറിഞ്ഞ് ചെയ്തിരുന്ന കുട്ടിമാമയും കൂടെ അമ്മായിയും.
അനാവശ്യത്തിന് ഓടിവരാന്‍ പരമു പാപ്പനും
അമ്മയ്ക്ക് ഒരിക്കലും ഒറ്റപ്പെടേണ്ടി വന്നിട്ടില്ല.
വയസ്സാന്‍ കാലത്ത് താങ്ങാന്‍ പേരമക്കളും മരുമക്കളും.
ഭാഗ്യം............ അമ്മേടെ ഭാഗ്യം..........
മാറുമറയ്ക്കാത്ത അമ്മിണിഅമ്മ ആത്മ ധൈര്യത്തോടെ ജീവിച്ചു. ആ മനോബലമാണ് മകനെ ബാല്യത്തില്‍ തന്നെ കാണാമറയത്ത് തൊഴില്‍ തേടി പോകാന്‍ പ്രേരിപ്പിച്ചത്.
അന്ന് അമ്മ അങ്ങനെ ചിന്തിച്ചിരുന്നില്ലങ്കില്‍ ഞാനിവിടം വരെ എത്തുമായിരുന്നുവോ?
ചിലപ്പോള്‍-നാട്ടിന്‍പുറത്ത് കടവുംപേറി കാലം കഴിച്ച കര്‍ഷകനായി മരിച്ചേനേ........
പത്താംതരം പാസ്സായി ടൈപ്പ് പഠിക്കുമ്പോഴാണ് കോലാറില്‍ നിന്ന് രാവുണ്യേട്ടന്‍ നാട്ടില്‍ വന്നത്.
അമ്മ എന്നേയും കൂട്ടി രാവുണ്യേട്ടന്റെ അടുത്ത് ചെന്നു.
എന്റെ കുട്ടിയ്ക്ക് ഒരു പണിയാക്കി തരണം.
അമ്മയുടെ കണ്ണുകള്‍ നിറഞ്ഞു.
ആ വാക്കുകള്‍ തള്ളിക്കളയാന്‍ രാവുണ്യേട്ടന് കഴിയുമായിരുന്നില്ല.
വൈശ്രോണത്ത് മനയ്ക്കലെ കുടിയാനായ അച്ഛന്റെ പത്തായത്തില്‍ നെല്ലുണ്ടായിരുന്ന കാലം..... കയ്യയച്ച് അമ്മ സഹായം ചെയ്തു. അമ്മയുടെ കൈകൊണ്ട് കഞ്ഞികുടിക്കാത്തവര്‍ ചുരുങ്ങും. സഹജീവിയുടെ ദുഃഖം കാണാനുള്ള മനസ്സ് അമ്മയ്ക്കുണ്ടായിരുന്നു.
അച്ഛന്‍ മരിച്ചപ്പോള്‍ മനക്കാര്‍ ഭൂമി ഒഴിപ്പിച്ചു. ആശ്രയമറ്റ അമ്മയുടെ പ്രതീക്ഷ എന്നിലായിരുന്നു. രാവുണ്യേട്ടന്‍ അമ്മയെ ആശ്വസിപ്പിച്ചു.
വല്ല്യമ്മ പറഞ്ഞാല്‍ എനിക്ക് കേള്‍ക്കാതിരിക്കാന്‍ പറ്റ്വോ? ഈ അമ്മിഞ്ഞപ്പാല്‍ കുടിച്ചാ ഞാന്‍ വളര്‍ന്നത്.
അമ്മയുടെ നഗ്നമായ മാറിടം നോക്കി രാവുണ്യേട്ടന്‍ പറഞ്ഞു. മൂന്നുമാസം പ്രായമുള്ള കുഞ്ഞിനെ ഉപേക്ഷിച്ചാണ് രാവുണ്യേട്ടന്റെമ്മ അച്ഛനോട് പിണങ്ങി മഞ്ഞരളിക്കായ തിന്നത്.
രാവുണ്യേട്ടന്റെ വാക്കുകള്‍ അമ്മയിലെ മാതൃത്വത്തെ വിജൃംഭിതമാക്കി മുലഞെട്ടുകള്‍ സ്നേഹം ചുരത്തി നിറഞ്ഞ മാറിടം മലര്‍ന്നു തന്നെ കിടന്നു.
ഒരിക്കല്‍ വെക്കേഷന് വന്നപ്പോഴാണ് ലീലയും കുട്ട്യോളും ചേര്‍ന്ന് അമ്മയെ ബ്ളൌസ് ഈടീച്ചത്. നാണംകൊണ്ട് അമ്മ പറഞ്ഞു. ന്ക്കീ പരിഷ്ക്കാരൊന്നും വയ്യേ..... വയ്യ..... അമ്മയുടെ മരണത്തോടെ എല്ലാ തായ്വേരുകളും അറ്റു. വീടിന്റെ ഓഹരി അപ്പുണ്ണിക്ക് ഒഴിമുറി കൊടുത്തു. വെക്കേഷന്‍ യാത്രകള്‍ വിരളമായി.
ഞാനറിയാതെ സ്വയം പുറംതോടില്‍ അഭയം കണ്ടെത്തി.
സ്വപ്നം കണ്ടോണ്ട് ഇങ്ങനെ ഓട്യാ ഒപ്പെത്താന്‍യ്ക്ക് പറ്റില്യാ......
ലീലയുടെ ക്ഷീണിച്ച സ്വരം
അയാള്‍ തിരിഞ്ഞു നിന്നു.
സമയം കൊറേയായി.... ചെല്ലുമ്പോഴേയ്ക്കും ഹരി വിളിച്ചിട്ടുണ്ടാവും.........
എല്ലാ ഞായറാഴ്ചയും രാത്രി എട്ടുമണിയ്ക്കാണ് അവന്റെ വിളി. അപ്പോള്‍ അവിടെ ഇല്ലെങ്കില്‍ അവന് ദേഷ്യം വരും. ഇല്ലെങ്കില്‍ തന്നെ സിസ്റം ഇല്ലാത്തതുകൊണ്ട് ചാറ്റ് ചെയ്യാന്‍ പറ്റാത്ത പരിഭവത്തിലാണ് അവന്‍. വി.ആര്‍.എസ്. കിട്ടിയതുകൊണ്ട് വീടുപണി തന്നെ മുഴുവനായിട്ടില്ല. പിന്നെങ്ങനെ കമ്പ്യൂട്ടറും മറ്റും വാങ്ങും.........
ലീല ആയാസപ്പെട്ടു നടന്നു.
വലത്തോട്ടുള്ള കോളനി റോഡിലേയ്ക്കിറങ്ങിയപ്പോള്‍ വല്ലാത്ത ഇരുട്ട്. സ്ട്രീറ്റ് ലൈറ്റുകള്‍ കത്തുന്നില്ല. കര്‍ണാടക വൈദ്യുതി ബോര്‍ഡ് സ്വകാര്യവല്‍ക്കരിച്ചപ്പോള്‍ തെരുവു വിളക്കുകളെല്ലാം വിച്ഛേദിച്ചു. ആളും അനക്കവുമില്ലാത്ത കോളനി പ്രദേശം ഭീതി ഉണര്‍ത്തി. മൈന്‍ പൂട്ടിയതോടെ ഇവിടം വിജനമായി.
അതുവരെ എന്തൊരാരവമായിരുന്നു.
റോഡരുകിലെ പടര്‍ന്നു പന്തലിച്ച ആല്‍മരം ഇരുട്ടിന് കടുപ്പം കൂട്ടി.
നിഴലുകള്‍ ചലിക്കുന്നുണ്ടോ.......? മരത്തിന്റെ മറവില്‍ മരണം മണക്കുന്നുവോ.........?
സ്വച്ഛമായിരുന്ന ഈ സ്വര്‍ണ്ണഭൂമിയില്‍ ഇന്ന് സ്വൈരജീവിതം നഷ്ടമായിരിക്കുന്നു.
പണിയെടുത്തു ജീവിച്ചവര്‍ പട്ടിണിയിലായി.
പലരും കോളനി വിട്ടു.
തീരെ ഗതിയില്ലാത്തവര്‍ പട്ടിണി റേഷനും വാങ്ങി വെള്ളവും വെളിച്ചവും നിഷേധിച്ച ക്വാര്‍ട്ടേഴ്സുകളില്‍ ചുരുണ്ടു കൂടി. പിടിച്ചുപറിയും മോഷണവും വാര്‍ത്തയല്ലാതായി.
അയാള്‍ ബാഗില്‍ നിന്ന് ടോര്‍ച്ചെടുത്ത് നാലുപാടും തെളിയിച്ചു. അകലെയുള്ള ആളൊഴിഞ്ഞ ക്വാര്‍ട്ടേഴ്സില്‍ കൂട്ടം കൂടി കിടക്കുന്ന നായ്ക്കള്‍ കുരച്ചു.
ജര്‍മ്മന്‍ ഷെപ്പേഡ്, റോട്ട്വീലര്‍, ലാബ്രഡോര്‍, പോമേറിയന്‍ ഒന്നാംതരം വിദേശ പട്ടികള്‍
സമൃദ്ധിയുടെ മടിത്തട്ടില്‍ ഓമനിച്ചു വളര്‍ന്നവര്‍. യജമാന്‍ പട്ടിണിയിലായപ്പോള്‍ തെരുവിലെറിയപ്പെട്ടവര്‍.
അരികില്‍ക്കൂടി നടക്കേണ്ട....... വല്ല ഇഴ ജന്തുക്കളും....... സത്യത്തില്‍ ഇഴ ജന്തുക്കളേക്കാള്‍ പേടി ഇരുകാലി ജന്തുക്കളായിരുന്നു.
സാരിത്തലപ്പുകൊണ്ട് മൂടിപ്പുതച്ച് അവള്‍ ചേര്‍ന്നു നടന്നു. എവിടെ നിന്നോ ചുറ്റികകൊണ്ട് അടിക്കുന്ന ശബ്ദം. പൂട്ടികിടക്കുന്ന കെട്ടിടങ്ങളിലെ ഉരുപ്പടികള്‍ ആരെങ്കിലും കട്ടുകൊണ്ടുപോവുകയാവും.
നടന്നിട്ടും നടന്നിട്ടും നീങ്ങ്ണില്ല്യ.
നാട്ടുവെളിച്ചത്തില്‍ തല ഉയര്‍ത്തി നില്‍ക്കുന്ന സ്ളറി കൂമ്പാരങ്ങള്‍ നോക്കി ലീലയുടെ പരിദേവനം.
സ്വര്‍ണമൂറ്റിയ സ്ളറികുന്നുകള്‍ ഒപ്പം നടന്നു നീങ്ങുന്നതായി തോന്നി.
പൂവ്വാ..........പൂവ്വ്വാ
ഇരുള്‍ പരപ്പില്‍ എവിടെയോ കാലന്‍കോഴി കൂവി.
അമ്മയ്ക്കൊപ്പമിരുന്ന് സന്ധ്യാനാമം ജപിക്കുമ്പോള്‍ വട്ക്കോറത്തെ മാവിലിരുന്ന് കാലന്‍ കോഴി കൂവുമായിരുന്നു.
അപ്പോളമ്മ പറയും. ഉറക്കെ നാമം ജപിച്ചോളു......
കാലനാ വന്നിരിക്കണത്.



Twitter
Digg
Del.icio.us
Slashdot
Furl
Yahoo
Technorati
Newsvine
Googlize this
Blinklist
Facebook
Wikio













