“സാറേ, എന്നാലും ഇതു വലിയ ചതിയായിപ്പോയി. സാറിങ്ങനെ പറയുമെന്നു വിചാരിച്ചില്ല. ഞാനാണെന്നറിയുമ്പോഴെങ്കിലും സാറെന്തെങ്കിലും ചെയ്യുമെന്നാ ഞാന്‍ കരുതിയത്.” യോഹന്നാന്‍ സാറ് രാവിലെ തന്നെ നല്ല ചൂടിലാണ്. എന്തോ കാര്യമായ പ്രശ്നമുണ്ടെന്നുതോന്നുന്നു. കുറച്ചു ദിവസങ്ങളായി കാണാറില്ലായിരുന്നു. പുതിയ വീടുവെച്ചു മാറിത്താമസമാക്കിയതിനുശേഷം ക്വാര്‍ട്ടേഴ്സിന്റെ പ്രശ്നങ്ങളോ അങ്ങിനെയൊന്നുമില്ലാത്തതിനാലും ദിവസവും കാണാത്തതിനാലും കാര്യമായ ആശയവിനിമയവും ഇല്ല. വല്ലപ്പോഴുമേ കാണാറുമുള്ളൂ. രണ്ടുമൂന്നാഴ്ച്ചയായി തമ്മില്‍ കണ്ടിട്ട്. അന്നു കാണുമ്പോള്‍ പ്രത്യേക വിഷയമൊന്നും പറഞ്ഞിരുന്നുമില്ല. പിന്നെന്താണ് ഞാന്‍ ചെയ്യാതിരുന്നതെന്ന് എനിക്കു മനസിലായില്ല.ഞാന്‍ അനുനയിപ്പിക്കാനൊരുശ്രമം തുടങ്ങി. “എന്നാലും എന്റെ കത്ത്’ സാറു കണ്ടില്ലേ - എന്നിട്ടെന്തായി?”
“ഞാനതു കാണുകയും പരിഗണിക്കുകയും ചെയ്തല്ലോ?
“ആരു പറഞ്ഞു? ആ എക്സിക്യുട്ടീവ് എഞ്ചിനീയര്‍ പാവമായതുകൊണ്ട് ഒരു മറുപടിയെങ്കിലും കിട്ടി”.
“ങെ!” എനിക്കു കാര്യം മനസ്സിലായില്ല. കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പ് സാറ് ചില പരിഷ്കരണ നടപടികളെപ്പറ്റി ഒരു കത്തയച്ചിരുന്നു. പുതിയതായി നടപ്പാക്കാന്‍ പറ്റിയ ചില നിര്‍ദ്ദേശങ്ങളും ചില ആവശ്യങ്ങളുമടങ്ങുന്ന മലയാളത്തിലുള്ള ഒരു കത്ത്. അത് പരിഗണിക്കുന്നതായി മറുപടിയും കൊടുത്തതാണ്. യോഹന്നാന്‍ സാറിനെ ചൊടിപ്പിച്ചതെന്താണെന്നു മനസിലായില്ല.
“മറുപടികിട്ടിയിട്ടില്ലേ”?
“അതു തന്നെയാപറഞ്ഞത്. ഞാനൊരു കാര്യം പറഞ്ഞാല്‍ സാറായതുകൊണ്ട് വേണ്ടപോലെ കൈകാര്യം ചെയ്തുകൊള്ളുമെന്നു കരുതിയാ ഞാന്‍ മലയാളത്തില്‍ വിശദമായിട്ടെഴുതിയത്”
“അതിനെന്താ, പരിഗണിക്കുകയും മലയാളത്തില്‍ തന്നെ മറുപടി തരുകയും ചെയ്തില്ലേ”? തല്‍ക്കാലം ഉടന്‍ നടപടി വേണ്ട വിഷയമൊന്നുമല്ലാത്തതുകൊണ്ടാണ് അങ്ങനെയൊരു മറുപടിയിലൊതുക്കിയത്.”
“മലയാളഭാഷ ഭരണഭാഷയാക്കാനുള്ള സര്‍ക്കാര്‍ നിര്‍ദ്ദേശം നിങ്ങളെത്രകണ്ട് നടപ്പാക്കുന്നുണ്ടെന്നറിയാന്‍ കൂടിയാണ് ഞാനതെഴുതിയത്”. സാറിന്റെ പരീക്ഷണോദ്ദേശം വ്യക്തമാക്കി.
ഞാന്‍ വിശദമായിത്തന്നെ ക്ളാസെടുക്കാന്‍ തീരുമാനിച്ചു. “ഞങ്ങള്‍ കൃത്യമായും നടപ്പാക്കിക്കൊണ്ടിരിക്കുകയാണ്. ഏതു കത്തോ പരാതിയോ മലയാളത്തില്‍ കിട്ടിയാലും ഞങ്ങള്‍ വിശദമായിത്തന്നെ മലയാളത്തില്‍ മറുപടി കൊടുക്കും. എത്ര കത്തിനു മലയാളത്തില്‍ മറുപടി കൊടുത്തു എന്നുള്ള കണക്കും അതിന്റെ പുരോഗതിയും സൂക്ഷിച്ചു നിരീക്ഷിക്കുന്നുമുണ്ട്. സാറിനും മലയാളത്തില്‍ തന്നെയല്ലേ മറുപടി നല്‍കിയത്?”
“മലയാളത്തിലൊക്കെയാണ് എങ്കിലും സാറിന് ഞാന്‍ പറഞ്ഞ കാര്യത്തിലൊന്നും താല്‍പര്യമില്ലെന്നും തല്‍ക്കാലം നടപടിയൊന്നുമില്ലെന്നും പറഞ്ഞത് അത്ര ശരിയായില്ല”. എനിക്കു മനസിലായില്ല.
“അങ്ങനെയല്ലല്ലോ പറഞ്ഞത്.”
“ആരു പറഞ്ഞൂ?” യോഹന്നാന്‍ സാറ് വിടാന്‍ ഭാവമില്ല. “സാറിനു വേണ്ടയെന്നും പറഞ്ഞൊരു മറുപടി തരണ്ടായിരുന്നു. വേണ്ടായെങ്കില്‍ വേണ്ട. മിണ്ടാതിരുന്നാല്‍ മതിയായിരുന്നല്ലോ! ഏതായാലും മോശമായിപ്പോയി.” യോഹന്നാന്‍ സാറു പതിയെ സ്ഥലം വിടാനുള്ള പരിപാടിയാണ്. എനിക്കൊന്നും മനസിലായില്ല.
പിറ്റേന്ന് വീണ്ടും യോഹന്നാന്‍ സാറിന്റെ കത്തും മറുപടിയും പരിശോധിച്ചു. ഉടന്‍ നടപടി ആവശ്യമുള്ള വിഷയമല്ലാത്തതിനാല്‍ യുക്തമായ സമയത്തു പരിഗണിക്കാനായി സൂക്ഷിക്കുന്നു എന്നാണ് മറുപടി പറഞ്ഞിരിക്കുന്നത്. ആദ്യമൊന്നും പ്രശ്നമൊന്നുമുള്ളതായി തോന്നിയില്ലെങ്കിലും അക്ഷരങ്ങളായി തരംതിരിച്ചു വായിച്ചപ്പോഴാണ് യോഹന്നാന്‍ സാറിന്റെ മനപ്രയാസത്തിന്റെ കാര്യം മനസിലായത്. കത്തിനടിയില്‍ ഇപ്രകാരമായിരുന്നു എഴുതി നിര്‍ത്തിയിരുന്നത്. “എന്ന് ഡെ. ചീഫ് എഞ്ചിനീയര്‍ക്ക് വേണ്ട ഒപ്പ് എക്സി. എഞ്ചിനീയര്‍” എനിക്കു ചെറിയ ചിരിപൊട്ടി. ഭരണഭാഷ മലയാളമാക്കി ടൈപ്പു ചെയ്ത് പുതിയ ലിപിയില്‍ വന്നപ്പോഴാണ് വേണ്ടാതായത്. ഇതാണ് വാര്‍ത്ത. ഇതിവാര്‍ത്ത: ഹ .... ഹാഹാ.......



Twitter
Digg
Del.icio.us
Slashdot
Furl
Yahoo
Technorati
Newsvine
Googlize this
Blinklist
Facebook
Wikio














