KSEBOA - KSEB Officers' Association

Friday
Sep 03rd
Text size
  • Increase font size
  • Default font size
  • Decrease font size
Home നര്‍മ്മം കുട്ടന്‍പിള്ളൈ കീ ഹസീന്‍ സപ്നോം - കാസിം

കുട്ടന്‍പിള്ളൈ കീ ഹസീന്‍ സപ്നോം - കാസിം

Hits smaller text tool iconmedium text tool iconlarger text tool icon

ഇത് കുട്ടന്‍പിള്ള, വയസ്സ് 54, കോട്ടയം ജില്ലയിലെ ഒരു കുഗ്രാമത്തിലെ സാധു കൃഷീവലന്‍. ഒരേക്കര്‍ റബ്ബര്‍ തോട്ടത്തിന്റെ അധിപന്‍. തനി നാട്ടുമ്പുറത്തുകാരന്‍. വിദ്യാഭ്യാസം എട്ടാം തരത്തില്‍ അവസാനിപ്പിച്ച് അല്‍പ സ്വല്‍പം കൃഷിപ്പണികളുമായി കഴിഞ്ഞുകൂടുന്നു. പ്രധാന നേരമ്പോക്ക് ഒറ്റയ്ക്കിരിക്കുന്ന സമയങ്ങളില്‍ വീടിന്റെ ഉമ്മറത്തെ ചാരുകസാലയില്‍ കണ്ണടച്ചുകിടന്ന് സ്വപ്നം കാണുക എന്നതാണ്. സ്വപ്നത്തില്‍ കുട്ടന്‍പിള്ള പോകാത്ത സ്ഥലങ്ങളും ചെയ്യാത്ത ജോലികളും ഇല്ല.

First Page

കുട്ടന്‍പിള്ളയ്ക്ക് നാട്ടിലെ കറണ്ടാഫീസുമായുള്ള ബന്ധം ആരംഭിക്കുന്നത് ഏതാണ്ട് പത്ത് പതിനഞ്ച് വര്‍ഷങ്ങള്‍ക്കു മുമ്പ് സ്വന്തമായി ഒരു വൈദ്യുതി കണക്ഷന്‍ ലഭിക്കുന്നതോടെയാണ്. കുട്ടന്‍പിള്ളയുടെ വീടിനു മുന്‍ വശത്തുള്ള റോഡില്‍ക്കൂടി ഒരു കെ.വി. ലൈന്‍ കടന്നു പോകുന്നുണ്ട്. കൂടാതെ കവലയില്‍ ഒരു ട്രാന്‍സ്ഫോര്‍മറുള്ളത് കുട്ടന്‍പിള്ളയുടെ വീടിനു മുമ്പിലായി സ്ഥിതി ചെയ്യുന്നു. സ്ഥലത്തെ പ്രധാന ദിവ്യനായ ലൈന്‍മാന്‍ കേശവന്‍ തന്റെ ചില്ലറ പണിയായുധങ്ങളും, ഫ്യൂസ് വയറുകളും, കമ്പിക്കഷണങ്ങളും മറ്റും കുട്ടന്‍പിള്ളയുടെ കോലായിലാണ് സൂക്ഷിക്കാറ്. കൂടാതെ വല്ലപ്പോഴും അറ്റകുറ്റപ്പണികള്‍ക്കായി വരുന്ന സാറന്മാര്‍ക്ക് കുട്ടന്‍പിള്ളയുടെ വക സംഭാരവും കഞ്ഞിവെള്ളവും മറ്റും ഫ്രീയായി ലഭിക്കാറുമുണ്ട്. അതുകൊണ്ടൊക്കെ തന്നെ കുട്ടന്‍പിള്ളയ്ക്ക് കറണ്ടാഫീസില്‍ അല്പസ്വല്പം പരിചയവും സ്വാധീനവുമൊക്കെയുണ്ട്.

കറണ്ട് കാശടയ്ക്കുവാന്‍ പോകുമ്പോള്‍ കറണ്ടാഫീസില്‍ കയറി സാറന്മാരുമായി വല്ലപ്പോഴും കുശലം പറയാന്‍ മറക്കാറില്ല കുട്ടന്‍പിള്ള. സി.പി.യുടെ കാലത്തുള്ള പഴയ കെട്ടിടം. ആഫീസിനു മുമ്പിലായി പഴകി ദ്രവിച്ച തേക്കു പോസ്ററുകളുടെ കഷണങ്ങളുടെയും, ഒടിഞ്ഞു മടങ്ങിയ ക്രോസാമുകളുടെയും, പൊട്ടിയ പിഞ്ഞാണങ്ങളുടെയും വന്‍ശേഖരം തന്നെ ഉണ്ട്. കഷ്ടപ്പെട്ട് ഇവ മറികടന്ന് ഉള്ളിലേയ്ക്ക് ചെന്നാല്‍ ഒരു വലിയ ഹാള്‍. അതിന്റെ ഒരു മൂലയിലാണ് എ.ഇ.യുടെ ഇരിപ്പിടം. മുറിയിലാകെ പഴയ മീറ്ററുകളും, ഫയല്‍ കെട്ടുകളും, കമ്പിയും വയറും മറ്റും കൂടിക്കിടക്കുന്നു.
കുട്ടന്‍പിള്ളയുടെ നാട്ടില്‍ കറണ്ട് പലപ്പോഴും വിരുന്നുകാരനെപ്പോലെയാണ് വരാറുള്ളത്. അപ്രതീക്ഷിതമായി പോയാല്‍ എപ്പോള്‍ വരുമെന്നറിയില്ല. കറണ്ടാഫീസില്‍ വിളിച്ചാല്‍ അവിടുള്ള സാറന്മാര്‍ക്കുപോലും അതു നിശ്ചയമില്ല. മാനമൊന്നിരുണ്ടാല്‍, കാറ്റൊന്നു വീശിയാല്‍ പിന്നെ പോയാല്‍ കിട്ടില്ല കക്ഷിയെ. കറണ്ട് എന്ന സാധനം അതുകൊണ്ടുതന്നെ അത്ര വലിയ അവശ്യവസ്തുവായിരുന്നില്ല കുറച്ചു നാള്‍ മുമ്പു വരെ ഗ്രാമത്തില്‍ . എന്നാല്‍ നാട്ടില്‍ വിഡ്ഢിപ്പെട്ടികളും മോനായിയുടെ കേബിള്‍ സര്‍വ്വീസും വന്നതോടെ കാര്യങ്ങള്‍ കീഴ്മേല്‍ മറിഞ്ഞു. കറണ്ടില്ലാതെ ഒരു മണിക്കൂര്‍ പോലും ക്ഷമിച്ചിരിക്കാന്‍ പറ്റാതായി നാട്ടാര്‍ക്ക്.

കഴിഞ്ഞ മാസം കറണ്ട് കാശ് കെട്ടാന്‍ പോയ കുട്ടന്‍പിള്ള പതിവുപോലെ ആഫീസില്‍ കയറി. മുറിയുടെ മൂലയില്‍ ഫയല്‍ കൂനയുടെ  ഇടയില്‍ കൂടി എ.ഇ.യുടെ തല മാത്രം പുറത്തു കാണാം. കുട്ടന്‍പിള്ളയെ കണ്ട എ.ഇ. പതിവു കുശലാന്വേഷണങ്ങള്‍ക്കു ശേഷം കുട്ടന്‍ പിള്ളയോട്  പറഞ്ഞു. “പിള്ളേ, നിങ്ങളുടെ പരാതിയൊക്കെ തീര്‍ക്കാന്‍ ആഫീസും ഞങ്ങളുടെ സേവനവുമൊക്കെ നവീകരിക്കാന്‍ പല പരിപാടികളും ബോര്‍ഡ് നടപ്പാക്കാന്‍ പോകുകയാണ്. അതോടെ നിങ്ങളുടെയൊക്കെ പരാതിയും തീരും”. ഓ പിന്നേ, ഇതൊക്കെ എത്രനാളായി കേള്‍ക്കുന്നതാ സാറേ എന്ന മറുപടിയോടെ പിള്ള ആഫീസില്‍ നിന്നും ഇറങ്ങി വീട്ടില്‍ വന്നു ഉച്ചയൂണിനുശേഷം പത്രവും കൈയില്‍ വച്ച് ചാരുകസേരയില്‍ കിടന്ന് മുകളില്‍ മൂളലോടെ കറങ്ങുന്ന പങ്കയെ നോക്കി പാതിമയക്കത്തില്‍ കണ്ണടച്ചപ്പോഴാണ്, സെക്ഷനാഫീസിലെ എ.ഇ. പറഞ്ഞ കാര്യം ഓര്‍ത്തത്. ആ ചര്‍ച്ചയും ചിന്തിച്ച്  പതിവുപോലെ പാതിമയക്കത്തില്‍ മനോഹരമായ ഒരു സ്വപ്നത്തിലേയ്ക്ക് വഴുതി വീണു.

നേരം സന്ധ്യകഴിഞ്ഞു ടി.വിയില്‍ സീരിയല്‍ കണ്ട കണ്ണിമയ്ക്കാതെ ഇരിക്കുകയാണ് കുട്ടന്‍പിള്ളയും കുടുംബവും. പെട്ടെന്ന് പുറത്ത് ഒരു ശബ്ദം കേട്ടു. കറണ്ടും പോയി. പുറത്തിറങ്ങി നോക്കിയ കുട്ടന്‍പിള്ള കണ്ടത് ഓലമടല്‍ വീണ് സര്‍വ്വീസ് വയര്‍ പൊട്ടിക്കിടക്കുന്നതാണ്. സീരിയല്‍ മുറിഞ്ഞതിലുള്ള ദേഷ്യത്തില്‍ പെട്ടെന്ന് കുട്ടന്‍പിള്ള ഫോണെടുത്ത് കറണ്ടാഫീസിലെ നമ്പര്‍ കറക്കി. മറുവശത്ത് “താങ്കളുടെ കണ്‍സ്യൂമര്‍ നമ്പര്‍ ഡയല്‍ ചെയ്യുക” എന്ന് കിളിമൊഴി. ഫോണില്‍ കുട്ടന്‍പിള്ള ‘12345’ ഞെക്കി. “താങ്കള്‍ വൈദ്യുതി തടസ്സത്തെപ്പറ്റി പരാതിപ്പെടാനാണ് വിളിച്ചതെങ്കില്‍ ദയവായി ‘1’ ഡയല്‍ചെയ്യുക. അല്ലെങ്കില്‍ ‘2’ ഡയല്‍ ചെയ്യുക” വീണ്ടും കിളിമൊഴി. കുട്ടന്‍പിള്ള സവിനയം ‘1’ ഡയല്‍ ചെയ്തു. “താങ്കളുടെ പരാതി സ്വീകരിച്ചിരിക്കുന്നു, പരാതി നമ്പര്‍ 147, ഫോണ്‍ ചെയ്തതിനു നന്ദി” കിളിമൊഴി അവസാനിച്ചു. കസേരയിലേയ്ക്ക് ചാഞ്ഞ കുട്ടന്‍പിള്ള ഫോണ്‍ബെല്ലടി കേട്ട് ചാടിയെഴുന്നേറ്റു റിസീവറെടുത്തു “ഹലോ ഗുഡ് ഈവനിംഗ് സര്‍ , ഇത് ഇലക്ട്രിസിറ്റി സെക്ഷന്‍ ബ്രേക്ക് ഡൌണ്‍ ഗാംഗില്‍ നിന്നാണ്, കുട്ടന്‍പിള്ള സാറിന്റെ വീടല്ലേ, സര്‍ ടോക്കണ്‍ നമ്പര്‍ 147 ആയി പരാതി നല്‍കിയിട്ടുണ്ടല്ലോ, എന്താണ് സര്‍ പ്രശ്നം? എളിമയോടെ ചോദ്യം. എന്റെ വീട്ടിലെ സര്‍വ്വീസ് വയര്‍ പൊട്ടി കറണ്ടില്ല, മറുപടി കവലയിലെ ട്രാന്‍സ്ഫോര്‍മറിനു മുമ്പിലുള്ള പോസ്റിലെ കണക്ഷനല്ലേ സര്‍, ഉടന്‍തന്നെ ആളെ അയക്കാം സര്‍. ഫോണ്‍ കട്ടായി.
അന്തം വിട്ട കുട്ടന്‍പിള്ള റിസീവറും പിടിച്ച് അല്‍പ സമയം നിന്നുപോയി. ഫോണ്‍ വച്ച ശേഷം വിശറിയെടുത്ത് വീശിക്കൊണ്ട് കുട്ടന്‍പിള്ള ചാരു കസാലയില്‍ കിടന്നു. പതിനഞ്ചു മിനിട്ട് കഴിഞ്ഞിട്ടുണ്ടാവണം. വീട്ടുപടിക്കല്‍ ഒരു ജീപ്പ് വന്നു നിന്നു. കാക്കിധാരികളായ ഏതാനും പേര്‍ ചാടിയിറങ്ങി. ഒരാള്‍ കുട്ടന്‍ പിള്ളയുടെ വീട്ടിലേയ്ക്ക് കയറി വന്നു, “കുട്ടന്‍പിള്ള സാറിന്റെ വീടല്ലേ” എന്നു ചോദിച്ചു. അതേയെന്ന് ഉത്തരം. ഞങ്ങള്‍ സെക്ഷാനാഫീസില്‍ നിന്നും വരികയാണ്, കറണ്ടു പോയതായി വിളിച്ചു പറഞ്ഞിരുന്നില്ലേ? ഉടന്‍ തന്നെ കൂടെ ഉണ്ടായിരുന്ന ആള്‍ക്കാര്‍ ജീപ്പില്‍ നിന്നും ഏണി എടുത്ത് പോസ്റില്‍ കയറി, പൊട്ടിയ കമ്പി ശരിയാക്കി കണക്ഷന്‍ കൊടുത്തു, പത്തു മിനിട്ടുകൊണ്ട് പണി തീര്‍ത്തു. കാക്കിധാരികളിലൊരാള്‍ വീണ്ടും വന്ന് “സര്‍ ലൈന്‍ ശരിയായിട്ടുണ്ട്, ലൈറ്റിട്ടു നോക്കിക്കോളൂ എന്നു പറഞ്ഞു. വീടിനുള്ളിലേയ്ക്ക് കയറി ലൈറ്റിട്ട കുട്ടന്‍ പിള്ള പതിവുപോലെ പണപ്പെട്ടി തുറന്ന് ഒരു നോട്ടുമെടുത്ത് പുറത്തു വന്നപ്പോള്‍ കേട്ടത് അകന്നു പോകുന്ന ജീപ്പിന്റെ ശബ്ദമാണ്. മായാവലയത്തില്‍ പെട്ടപോലെ നിന്നുപോയ കുട്ടന്‍പിള്ളയുടെ ഫോണ്‍ വീണ്ടും ശബ്ദിച്ചു. അങ്ങേ തലയ്ക്കല്‍ നിന്നും “കുട്ടന്‍പിള്ള സാറിന്റെ വീടല്ലേ, ഇതു സെക്ഷന്‍ ആഫീസില്‍ നിന്നാണ്, സാറിന്റെ സര്‍വ്വീസ് വയര്‍ ശരിയാക്കി, കറണ്ടു കിട്ടിയില്ലേ, മറ്റു പരാതികള്‍ ഒന്നുമില്ലല്ലോ?. ഇല്ല എന്നു മറുപടി കേട്ടതോടെ “ഗുഡ് നൈറ്റ് സര്‍” എന്നു പറഞ്ഞു ഫോണ്‍ കട്ടായി.

Second Page

രാത്രി, കിടന്ന കുട്ടന്‍പിള്ളയ്ക്ക് ഉറക്കം വന്നതേയില്ല. തിരിഞ്ഞും മറിഞ്ഞും കിടന്ന കുട്ടന്‍ പിള്ള തീരുമാനിച്ചു, രാവിലെ എന്തായാലും ഒന്നു കറണ്ടാഫീസു വരെ പോകണം.
രാവിലെ പത്ത് മണിയോടെ കറണ്ടാഫീസിലെത്തിയ കുട്ടന്‍പിള്ളയെ എതിരേറ്റത് അറ്റകുറ്റപ്പണികളൊക്കെ നടത്തി മനോഹരമായി പെയിന്റ് ചെയ്ത സെക്ഷന്‍ ആഫീസ് കെട്ടിടമാണ്. ആഫീസിന്റെ മുഖമുദ്രയായി മുറ്റത്ത് കൂട്ടിയിട്ടിരുന്ന പാഴ് വസ്തുക്കളെല്ലാം അപ്രത്യക്ഷമായിരിക്കുന്നു. പകരം ചെത്തി വെടിപ്പാക്കിയ മുറ്റത്ത് നിരനിരയായി വെച്ചിരിക്കുന്ന ചെടിച്ചട്ടികള്‍. ആഫീസിനകത്തേയ്ക്ക് കടന്ന കുട്ടന്‍ പിള്ളയ്ക്ക് താന്‍ ഒരു മായാലോകത്താണോ നില്‍ക്കുന്നത് എന്ന് തോന്നിപ്പോയി. മനോഹരമായ ആഫീസ്. ക്യാബിനുകള്‍, ഫര്‍ണിച്ചറുകള്‍, കമ്പ്യൂട്ടറുകള്‍, നെയിം ബോര്‍ഡുകള്‍. ‘റിസപ്ഷന്‍ ’ എന്നെഴുതിയിട്ടുള്ള ക്യാബിനകത്തേയ്ക്കു കയറിയ കുട്ടന്‍പിള്ളയെ കൌണ്ടറില്‍ ഇരുന്ന സ്ത്രീ ഗുഡ്മോണിംഗ് എന്നു പറഞ്ഞ് എതിരേറ്റു. മറുപടി മറന്ന കുട്ടന്‍ പിള്ള യോട് ടിയാള്‍ ഭവ്യതയോടെ “ഇരിക്കണം സര്‍ എന്താണ് താങ്കള്‍ക്ക് വേണ്ടി ചെയ്യേണ്ടത്” എന്നു ചോദിച്ചു. കൌണ്ടറിനു മുമ്പില്‍ നിരത്തിയിട്ടിരുന്ന മനോഹരമായ കസേരകളില്‍ ഒന്നില്‍ ‘ഇരുന്നുപോയ’ കുട്ടന്‍പിള്ള ‘വെറുതേ വന്നന്നേ ഉള്ളൂ’ എന്നു പറഞ്ഞൊപ്പിച്ച് എഴുന്നേറ്റ് പുറത്തു കടന്നു. പുറത്തേ ഹാളിനു മൂലയിലായി ടി.വി. പോലൊരു സാധനം കണ്ട കുട്ടന്‍പിള്ള സമീപത്തേയ്ക്കു ചെന്നു. ‘ടച്ച് സ്ക്രീന്‍’ എന്നാണ് എഴുതിയിരിക്കുന്നത്. സ്ക്രീനില്‍ കണ്ട ഒരു ബട്ടണില്‍ തൊട്ട കുട്ടന്‍ പിള്ളയ്ക്കു മുമ്പില്‍ സ്ക്രീനില്‍ വാക്കുകള്‍ തെളിഞ്ഞു. കണ്‍സ്യൂമര്‍ നമ്പര്‍ എന്ന ബട്ടണില്‍ അമര്‍ത്തിയ കുട്ടന്‍പിള്ളയോട് “താങ്കളുടെ കണ്‍സ്യൂമര്‍ നമ്പര്‍ ടൈപ്പ് ചെയ്യുക” എന്ന് യന്ത്രം. നമ്പര്‍ 12345 ടൈപ്പ് ചെയ്ത് ഒരു നിമിഷം കഴിഞ്ഞപ്പോള്‍ കുട്ടന്‍ പിള്ളയുടെ കണക്ഷനുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും സ്ക്രീനില്‍ തെളിഞ്ഞു വന്നു. കൌതുകത്തിനുവേണ്ടി മറ്റു ബട്ടണുകളില്‍ അമര്‍ത്തിയ കുട്ടന്‍പിളളയുടെ മുമ്പില്‍ വൈദ്യുതി സംബന്ധമായ നിരവധി വിവരങ്ങള്‍ തെളിഞ്ഞു വന്നു. അത്ഭുതപരതന്ത്രനായി ചുറ്റും നോക്കിയ കുട്ടന്‍പിള്ളയുടെ കണ്ണുകള്‍ ഭിത്തിയില്‍ തൂക്കിയിട്ടിരിക്കുന്ന മനോഹരമായ പോസ്ററുകളില്‍ ഉടക്കി. വൈദ്യുതി കണക്ഷന്‍ ലഭിക്കുവാനുള്ള നടപടികള്‍, സുരക്ഷയെ സംബന്ധിച്ച കാര്യങ്ങള്‍, വൈദ്യുതി ലാഭിക്കുന്നതിനുള്ള സൂത്രവഴികള്‍ അങ്ങിനെ നിരവധി കാര്യങ്ങള്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നു.

ഇതെല്ലാം കണ്ടു ഉള്ളം കുളിര്‍ത്ത കുട്ടന്‍പിള്ള നാട്ടുകാരനായ കാഷ്യര്‍ ശശിയെ കൂടി കണ്ടിട്ടു പോകാമെന്നു കരുതി ക്യാഷ് കൌണ്ടറിനരികിലേയ്ക്ക് ചെന്നു. പതിവുപോലെ നീണ്ട ‘ക്യൂ’ ഇല്ല. കൌണ്ടറിനു മുമ്പില്‍ രണ്ടു മൂന്നു പേര്‍ മാത്രം. കൂടാതെ പണമടയ്ക്കുവാന്‍ വരുന്നവര്‍ക്ക് വിശ്രമിക്കുവാനായി ഒരുനിര കസേരയും മുകളില്‍ കറങ്ങുന്ന ഫാനും. കൌണ്ടറിലിരുന്ന വനിതയോട് ശശിസാറില്ലേ, എന്ന് കുട്ടന്‍പിള്ള ചോദിച്ചു. ശശി ഈവനിംഗ് ഷിഫ്റ്റ് ആണ് എന്ന മറുപടി കേട്ട കുട്ടന്‍പിള്ള പെട്ടെന്ന് “ഷിഫ്റ്റോ” എന്ന് ഉറക്കെ ചോദിച്ചു പോയി. അപ്പോള്‍ മുമ്പില്‍ നിന്നയാള്‍ പറഞ്ഞു “കുട്ടന്‍പിള്ള അറിഞ്ഞില്ലേ? കറണ്ടു ചാര്‍ജ്ജടയ്ക്കാന്‍ ഇപ്പോള്‍ രാവിലെ എട്ടു മണിമുതല്‍ രാത്രി എട്ടു മണി വരെ സമയമുണ്ട്. കണ്ടില്ലേ ബോര്‍ഡ് വച്ചിരിക്കുന്നത്?”.
എന്തായാലും വന്നതല്ലേ എ.ഇ.യെ കൂടി കണ്ടിട്ടു പോകാം എന്നു കരുതിയ കുട്ടന്‍പിള്ള അകത്തു ചെന്നു. എ.ഇയുടെ ക്യാബിനില്‍ ചെന്ന കുട്ടന്‍ പിള്ള ഒഴിഞ്ഞു കിടക്കുന്ന കസേരയാണ് കണ്ടത്. എ.ഇ.യുടെ മുറിയാകെ മാറിയിരിക്കുന്നു. കറങ്ങുന്ന കുഷ്യന്‍ കസേര, മേശ, കമ്പ്യൂട്ടര്‍,  സന്ദര്‍ശകര്‍ക്ക് ഇരിക്കാന്‍ കസേരകള്‍, എല്ലാമൊരു ഹൈടെക്ക് സ്റൈല്‍ . പുറത്തിറങ്ങിയ കുട്ടന്‍പിള്ള വീണ്ടും റിസപ്ഷനില്‍ ചെന്ന് എ.ഇ. സാറില്ലേ എന്നു ചോദിച്ചു. എ.ഇ. അദാലത്തിനു പോയിരിക്കുകയാണ് സര്‍, കൃത്യം രണ്ട് മണിക്ക് വരും എന്ന് ഭവ്യതയോടെ മറുപടി. ലൈന്‍മാന്‍ കേശവന്‍ സാറില്ലേ എന്നു ചോദിച്ചപ്പോള്‍, കേശവന്‍ സര്‍ ബ്രേക്ക് ഡൌണ്‍ ഗാംഗില്‍  കംപ്ളയിന്റ് അറ്റന്റ് ചെയ്യാന്‍ പോയിരിക്കുകയാണ് വരുമ്പോള്‍ എന്തെങ്കിലും പറയണോ എന്ന് വിനീതമായ ചോദ്യം. ഒന്നും വേണ്ട എന്ന മറുപടി പറഞ്ഞ കുട്ടന്‍പിള്ള വീട്ടിലേയ്ക്കുള്ള ‘ഗോമതി’ ബസ് പിടിക്കുവാന്‍ ബസ് സ്റോപ്പിലേയ്ക്ക് നടന്നു.

ഉച്ചഭാഷിണിയിലൂടെയുള്ള എന്തോ ശബ്ദം കേട്ടാണ് കുട്ടന്‍പിള്ള ഞെട്ടിയുണര്‍ന്നത്. നിരത്തിലൂടെ ഓടുന്ന കാറില്‍ നിന്നുയര്‍ന്ന ഉച്ചഭാഷിണി ശബ്ദം “ഈ വരുന്ന വ്യാഴാഴ്ച വൈകുന്നേരം മൂന്നുമണിക്ക് ഇലക്ട്രിക്കല്‍ സെക്ഷനാഫീസിലെ കമ്പ്യൂട്ടര്‍വല്‍കരണത്തിന്റെയും ഉപഭോക്തൃസംതൃപ്തി ലക്ഷ്യമാക്കിയുള്ള വികസന പ്രവര്‍ത്തനത്തിന്റെയും ഉല്‍ഘാടനം നിര്‍വഹിക്കപ്പെടുന്നു.......”
താന്‍ കണ്ട ഒരു സ്വപ്നമെങ്കിലും യാഥാര്‍ത്ഥ്യമാകുന്നതിന്റെ ചാരിതാര്‍ത്ഥ്യത്തോടെ വീണ്ടും മയക്കത്തിലേക്ക് മുഴുകി വീണു.

 

Add comment


Security code
Refresh

Banner

Career Development Programs


Date: 26-09-2010
Topic: Pilferage of electricity- Legal & Technical aspects
Venue: Kalpetta , Wayanad
Faculty: Mr Madhu, EE, KSEB

Date: 03-10-2010
Topic: Enhancing managerial effectiveness
Venue: Malappuram
Faculty: Mrs Lizbeth Bose, Associate Professor, FIMS, Calicut & Mr Bose Jacob EE, KSEB

Follow us on Twitter

Reference Book

 

Reference Book on Power Vol-I

Electrical Engineering-- D' 1/4 Size Hard bound-- 1424 Pages-- Just Rs.1000/- only    ...

 

Reference Book on Power Vol-II

Civil Engineering & General-- D' 1/4 Size Hard bound-- 1144 Pages-- Just Rs.700/- only...

Registered Users

Total Members : 5704
Latest Member : cadsnegi
Today : 0 Registers
This Week : 10 Registers
This Month : 4 Registers

Visitor Statistics

mod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_counter
mod_vvisit_counterToday108
mod_vvisit_counterYesterday3172
mod_vvisit_counterThis week14290
mod_vvisit_counterLast week14732
mod_vvisit_counterThis month7685
mod_vvisit_counterLast month69375
mod_vvisit_counterAll Days3184225

Visitors Online Now : 36
Your IP: 38.107.191.116
,
Today: Sep 04, 2010